മഴക്കെടുതിയില്‍ മരണം 51 ആയി..പെയ്തൊഴിയാതെ ദുരിതം. ശനിയാഴ്ചയും അതിതീവ്രമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ബാണാസുരസാഗര്‍ രാവിലെ തുറക്കും

കൊച്ചി:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് ദിവസങ്ങളിലായി 51 പേര്‍ മരിച്ചു. ഇന്ന് മാത്രം 41 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മഴ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയത്.മഴ കനത്ത സാഹചര്യത്തില്‍ ബാണാസുരസാഗര്‍ ഡാം നാളെ രാവിലെ ഒമ്പതരക്ക് തുറക്കും. ശനിയാഴ്ച്ച രാവിലെ ഏഴരക്ക് മുമ്പ് ഡാം പരിസരത്തുള്ള മുഴുവന്‍ ജനങ്ങളേയും മാറ്റാന്‍ നിര്‍ദേശം. ഒന്നര മീറ്റര്‍ വെള്ളം ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്പൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. മലപ്പുറം അരീക്കോട് പെട്രോള്‍ പമ്പില്‍ ഉറങ്ങിക്കിടന്ന ചേര്‍ത്ത സ്വദേശിയായ ജീവനക്കാരന്‍ ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാവക്കാട് വൈദ്യുതി ടവറിന്‍റെ അറ്റക്കുറ്റപ്പണിക് പോകവെ വള്ളംമറഞ്ഞ് കെഎസ്ഇബി ജീവനക്കാരനായ അസി. എന്‍ജിനീയര്‍ ബൈജു മരിച്ചു. ആറമുറി വഴിക്കടവില്‍ മണ്ണിടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേരെ കാണാതായി. അതിശക്തമായ മഴയില്‍ നിലമ്പൂര്‍ കരുലാഴി പാലത്തിന്‍റെ പല ബ്ലോക്കുകളും തെന്നിമാറി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വെള്ളത്തിനടിയിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂരില്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി. നൂറുകണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും കൈവഴികളും നിറഞ്ഞതോടെ ഒറ്റപ്പാലം നഗരം ഒറ്റപ്പെട്ടു. സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. വെള്ളിയാഴ്ച. പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം കയറി. ശനിയാഴ്ചയും സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ അതിതീവ്രമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത.

വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിവരെ തുറന്നത് 18 ഡാമുകളെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കി: കല്ലാർകുട്ടി ഡാം, പാംബ്ല ഡാം (ലോവർ പെരിയാർ), മലങ്കര ഡാം, ഇരട്ടയാർ ഡാം. പത്തനംതിട്ട: മണിയാർ (തടയണ). എറണാകുളം: ഭൂതത്താൻകെട്ട് (തടയണ), നേരിയമംഗലം ഡാം. തൃശൂർ: പെരിങ്ങൽകുത്ത് ഡാം, അസുരൻകുണ്ഡ് ഡാം, പൂമല ഡാം. പാലക്കാട്: കാഞ്ഞിരപ്പുഴ ഡാം, മംഗലം ഡാം, വാളയാർ ഡാം, മൂലത്തറ (റഗുലേറ്റർ). വയനാട്: കാരാപ്പുഴ. കോഴിക്കോട്: കക്കയം ഡാം, കുറ്റ്യാടി. കണ്ണൂർ: പഴശ്ശി (തടയണ). ശനിയാഴ്ച വിവിധ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. കുറ്റ്യാടി പുഴ, കരമനയാര്‍ എന്നിവയില്‍ ജലനിരപ്പ് ഉയരുമെന്നും മുന്നറിയിപ്പുണ്ട്.

വയനാട്ടിൽ ബാണാസുര സാഗര്‍ ഡാം ശനിയാഴ്ച തുറന്നേക്കും. കരയിലുള്ള ജനങ്ങളെ ഒഴിപ്പിക്കും. വയനാട്ടിൽ അതീവജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച ഏഴു പേരെ കാണാതായെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. പരുക്കേറ്റ് ആശുപത്രികളിൽ 27 പേരെ പ്രവേശിപ്പിച്ചു. പുതുതായി 663 ക്യാംപുകൾ തുറന്നുവെന്നും വെള്ളിയാഴ്ച 18801 പുതിയ കുടുംബങ്ങൾ വിവിധ ക്യാംപുകളിൽ എത്തുകയും ചെയ്തു. 74780 പേരാണ് ക്യാംപുകളിൽ എത്തിയത്. 101 വീടുകൾ പൂർണമായും 1383 വീടുകൾ ഭാഗികമായും വെള്ളിയാഴ്ച തകർന്നുവെന്നും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ വ്യക്തമാക്കി.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചു. പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുകയും മലമ്പുഴ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് 112 .95 മീറ്ററിലെത്തുകയും ചെയ്താൽ ശനിയാഴ്ച മലമ്പുഴ ഡാം തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലമ്പൂർ ഭൂതാനത്തും കവളപ്പാറയിലും ഉരുള്‍പൊട്ടി. മുപ്പതോളം വീടുകൾ മണ്ണിനടിയിലായി. ഇവിടെ അൻപതോളം പേർ കുടുങ്ങിയതായും സംശയിക്കുന്നു. യാത്രാവിമാനങ്ങൾക്കായി കൊച്ചി നാവികസേന വിമാനത്താവളം തുറക്കും. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന നാവികസേന അംഗീകരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതിനെ തുടർന്നാണു നാവികസേന വിമാനത്താവളം യാത്രാ ആവശ്യങ്ങൾക്കായി തുറന്നത്. സൈന്യവും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Top