തിരുവനന്തപുരം | ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ ഉലച്ച സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരെ ആഞ്ഞടിച്ച് മുന്‍ ഡി ജി പി എ ഹേമചന്ദ്രന്റെ ആത്മകഥ. കമ്മീഷന്‍ അന്വേഷിച്ചത് സ്ത്രീ-പുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രമാണെന്നാണ് നീതി എവിടെ എന്ന പേരില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിലെ വിവാദ പരാമര്‍ശം. സദാചാര പോലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷന്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്നാണ് ആത്മകഥയില്‍ പറയുന്നത്.സോളാര്‍കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്രന്‍.
സോളാർ കേസ്അന്വേഷിക്കാൻ വേണ്ടി ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായ കമ്മീഷനെ രൂപീകരിച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഈ കമ്മീഷനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ തുറന്നടിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രൻ. സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമാണ് കമ്മീഷൻ അന്വേഷിച്ചതെന്നും സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും സോളാർ കേസ് അന്വേഷണ സംഘ തലവൻ എ ഹേമചന്ദ്രൻ വെളിപ്പെടുത്തുന്നു. ‘നീതി എവിടെ’ എന്ന പേരിൽ ഇന്ന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് തുറന്ന് പറച്ചിൽ.
കത്തിപ്പടർന്ന സോളാർ വിവാദത്തിൽ ആദ്യാന്തം അന്വേഷണ സംഘത്തെ നയിച്ചത് ഡിജിപിയായിരുന്ന എ ഹേമചന്ദ്രനാണ്. സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെതിരെ അതിരൂക്ഷ വിമർശനമാണ് തന്റെ ആത്മകഥയിൽ എ ഹേമചന്ദ്രൻ നടത്തുന്നത്. ജസ്റ്റിസ് ശിവരാജൻ അന്വേഷിച്ചത് അത്രയും സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകളായിരുന്നു. കമ്മീഷന്റെ ഭാഗത്ത് നിന്നുള്ള തമാശകൾ പോലും അരോചകമായിരുന്നു.
വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ ശ്രമം. സദാചാര പൊലീസിനെ പോലെ പെരുമാറി. തട്ടിപ്പ് കേസിലെ പ്രതികളെയായിരുന്നു കമ്മീഷൻ തെളിവിനായി ആശ്രയിച്ചതെന്നും കമ്മീഷന്റെ മാനസികാവസ്ഥ പ്രതികൾ നന്നായി മുതലെടുത്തിരുന്നെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥരുടേതടക്കം അന്തസ്സും മൗലിക അവകാശവും ഹനിക്കുന്ന പെരുമാറ്റം കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും മുൻ ഡിജിപി കുറ്റപ്പെടുത്തുന്നു. തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതം, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങൾ.
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ടെനി ജോപ്പന്റെ അറസ്റ്റ് വിവരം ഉമ്മൻ ചാണ്ടിയോ അന്ന് അഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനോ അറിഞ്ഞിരുന്നില്ലെന്നാണ് എ ഹേമചന്ദ്രൻ പറയുന്നത്. അറസ്റ്റിന്റെ പേരിൽ തിരുവഞ്ചൂരിന് നീരസമുണ്ടായിരുന്നു. അന്വേഷണ സംഘത്തിൽ നിന്നും പിന്മാറാമെന്ന് അറിയിച്ചപ്പോൾ വിലക്കിയത് തിരുവഞ്ചൂർ ആയിരുന്നു. എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയിൽ പൊലീസിന് അടിതെറ്റിയെന്നും ആത്മകഥയിൽ എ ഹേമചന്ദ്രൻ വിലയിരുത്തുന്നു. നിരീക്ഷക സമിതി അംഗമെന്ന നിലയിൽ ശബരിമലയിലെ പൊലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നുവെന്നും ഹേമചന്ദ്രൻ പറയുന്നു.
അതേസമയം സോളാർ കേസിലെ ഹേമചന്ദ്രന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. തന്റെ പേരിൽ ദുരൂഹതകൾ പരത്താൻ ശ്രമം നടന്നു. എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തുവരും എന്നതിന്റെ തെളിവാണ് ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ. ഇതിന്റെ പേരിൽ ഉമ്മൻ ചാണ്ടിക്ക് തെറ്റിധാരണ ഉണ്ടാവാൻ സാധ്യതയില്ല. താനറിയാതെ ജോപ്പനെ അറസ്റ്റ് ചെയ്തതിൽ ഹേമചന്ദ്രനോട് നീരസം തോന്നിയിരുന്നു. എന്നാൽ സർക്കാരിനെ അത് പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് ഹേമചന്ദ്രനെ മാറ്റാതിരുന്നത്. ശിവരാജനെ അന്വേഷണ കമ്മീഷനായി നിയമിക്കുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു. ഇക്കാര്യം ഉമ്മൻ ചാണ്ടിയെയും അറിയിച്ചിരുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.