നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ തുടരന്വേഷണം മുന്നോട്ട് കൊണ്ടുപോകാമെന്ന് ഹൈക്കോടതി.
അടുത്ത മാസം 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവായത്.തെളിവുകളുടെ ആധികാരികതയിലേക്ക് ഈ ഘട്ടത്തില്‍ കടക്കുന്നില്ലെന്നും കോടതി പറഞ്ഞു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ തുടരന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് നടന്‍ ദിലീപ്, സഹാേദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് തുടങ്ങി ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. മൂന്നുപേരെയും ചോദ്യം ചെയ്തു. ദിലീപും സംഘവും കോടതിയില്‍ നല്‍കിയ ആറ് മൊബൈല്‍ഫോണുകളുടെ പരിശോധനാ റിപ്പോര്‍ട്ടുകളും ഹൈക്കോടതി അന്വേഷകസംഘത്തിന് കൈമാറിയിരുന്നു.
ബാലചന്ദ്രകുമാര്‍ പെട്ടെന്ന് പരാതിയുമായി വന്ന ഒരാളല്ല. പൊലീസിന് പരാതി നല്‍കുന്നതിനും മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നതിനും ഒരുമാസംമുമ്ബ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷിക്കുന്നതില്‍ എന്താണ് തടസ്സമെന്നും കോടതി നേരത്തെ ചോദിച്ചിരുന്നു.
ഗൂഢാലോചന കേസ് ചുമത്താന്‍തക്ക ഗൗരവമുള്ള വെളിപ്പെടുത്തലുകളില്ലെന്നാണ് ദിലീപ് ബോധിപ്പിച്ചത്. ആദ്യ കേസന്വേഷണത്തിലെ പാളിച്ച ഒഴിവാക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് ആരോപിച്ചു.