കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
കേസ് കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്.പി എസ്.ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി. കോടതിയെ കളിയാക്കരുതെന്ന് വിമര്‍ശിച്ച സിംഗിള്‍ ബെഞ്ച്, അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ ചില സമ്മര്‍ദ്ദമുണ്ടെന്നും നിരീക്ഷിച്ചു.
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല മാരാരിക്കുളം സ്വദേശി എം.എസ്.അനില്‍ നല്‍കിയ ഹര്‍ജിയാണ് കോടതി മുമ്പാകെയുള്ളത്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ജൂണ്‍ 20ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പരാതിയെ തുടര്‍ന്നാണ് മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ കേസെടുത്തത്.


