കൊച്ചി:പാസ്പോര്‍ട്ട് പരിശോധന സ്വകാര്യ കമ്പനിക്ക് നൽകാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. കേരളാ പൊലീസിന്റെ പാസ്‌പോര്‍ട്ട് പരിശോധന സംവിധാനം ഊരാളുങ്കല്‍ സര്‍വ്വീസ് സൊസൈറ്റിക് കീഴിലുള്ള സ്വകാര്യ സ്ഥാപനത്തിന് കൈമാറുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപ അനുവദിച്ച ഡിജിപിയുടെ ഉത്തരവും കോടതി തടഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതാണെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ജനുവരി 6 ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്കിലെ രഹസ്യ വിവരങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന് നല്‍കുന്നത് ദുരുദ്ദേശത്തോടെയുള്ള ഉത്തരവാണെന്നും ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളതാണ് സൊസൈറ്റിയെന്നും സൊസൈറ്റിയെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് പാസ്പോര്‍ട്ട് പരിശോധന സംവിധാനം ഊരാളുങ്കല്‍ സര്‍വ്വീസ് സൊസൈറ്റിക് കീഴിലുള്ള സ്വകാര്യ സ്ഥാപനത്തിന് കൈമാറുന്നതിന് നിര്‍ദ്ദേശിച്ച് ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചത്. പരിശോധനാ സംവിധാനം കൈമാറുന്നതില്‍ തെറ്റില്ലെന്നായിരുന്നു സര്‍ക്കാരിന്റേയും നിലപാട്.