ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന പ്രക്ഷോഭകാരികളെ പ്രതിരോധിക്കാന്‍ എല്ലാ സന്നാഹങ്ങളും ഒരുക്കുകയാണ് പോലീസ്. മറ്റൊരിക്കലുമില്ലാത്ത വിധം ജല പീരങ്കി അടക്കമുള്ളവ ശബരിമലയിലെത്തും. കണ്ണീര്‍ വാതക സംവിധാനവും ഒരുക്കുന്നുണ്ട്. സുപ്രീം കോടതി വിധി അനുസരിച്ച് ഏതെങ്കിലും സ്ത്രീകള്‍ മല ചവിട്ടാനായി എത്തുകയാണെങ്കില്‍ അവരെ ഇക്കുറി സന്നിധാനത്തിലെത്തിക്കാനുള്ള എല്ലാ ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും.
ശബരിമലയുടെ ചരിത്രത്തിലാദ്യമായാണ് കണ്ണീര്‍വാതക, ജലപീരങ്കി സംവിധാനങ്ങള്‍ ഇക്കുറി സുരക്ഷാസംവിധാനങ്ങളുടെ ഭാഗമാകുന്നത്. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തടയുന്നവരെ കൈകാര്യം ചെയ്യാനാണിത്. എന്നാല്‍, ദര്‍ശനത്തിനു സംരക്ഷണം തേടി യുവതികളാരും സമീപിച്ചിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 20 അംഗ പോലീസ് കമാന്‍ഡോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തുനിന്ന് എത്തിക്കുന്ന കണ്ണീര്‍വാതക, ജലപീരങ്കി വാഹനങ്ങളായ വജ്രയും വരുണും ബേസ് ക്യാമ്പായ നിലയ്ക്കലില്‍ സദാസജ്ജമായിരിക്കും. ഇലവുങ്കല്‍ മുതല്‍ പമ്പ വരെയുള്ള ഭാഗത്ത് പ്രശ്‌നമുണ്ടായാല്‍ നിലയ്ക്കലില്‍ ഇട്ടിരിക്കുന്ന ജല പീരങ്കിയും ഉപയോഗിക്കും. പ്രതിഷേധക്കാരെ പൂട്ടാന്‍ ഡിജിറ്റല്‍ കെണിയും ഒരുക്കുന്നുണ്ട് കേരളാ പൊലീസ്. യുവതി പ്രവേശവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട ‘പ്രശ്നക്കാര്‍’ വീണ്ടുമെത്തിയാല്‍ എളുപ്പം കണ്ടെത്താനുള്ള ഫേസ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയാണ് പൊലീസ് ഉപയോഗിക്കുന്നത്.
പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നാനുറോളം പേരുടെ ചിത്രങ്ങള്‍ പുതിയതായി സ്ഥാപിക്കുന്ന ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളില്‍ സ്ഥാപിച്ചിട്ടുണ്ട്. വീഡിയോയില്‍ പതിയുന്ന ഓരോ മുഖവും കമ്പ്യൂട്ടര്‍ സ്വയം വിലയിരുത്തുന്ന സാങ്കേതിക വിദ്യയാണ് ഫേസ് ഡിറ്റക്ഷന്‍. പുതിയതായി സ്ഥാപിക്കുന്ന 22 ക്യാമറകളില്‍ 12 എണ്ണത്തിലാണ് ഫേസ് ഡിറ്റക്ഷന്‍ ഉള്ളത്. ഇത് ആള്‍ക്കാരുടെ ഉയരത്തിനൊപ്പിച്ച് പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ പൊലീസ് സ്ഥാപിച്ചു.
മുമ്പ് കേസില്‍ പെട്ടവര്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ എത്തിയാല്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ സോഫ്റ്റ്വെയര്‍ ഉടന്‍ പൊലീസിന് അറിയിപ്പ് നല്‍കും. താടിയുടെയോ മുടിയുടെയോ രീതി മാറ്റിയാല്‍ പോലും ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളെ വെട്ടിക്കാന്‍ പറ്റില്ല. അതേസമയം, പരമാവധി ആളുകളെ സന്നിധാനത്ത് എത്തിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് ബി.ജെ.പി വിവിധ ഹിന്ദു സംഘടനകളും തീരുമാനിച്ചിരിക്കുന്നത്.