ഭക്ഷണം വേണമെങ്കില്‍ ഹിജാബ് അഴിക്കണമെന്ന് മുസ്ലീം പെണ്‍കുട്ടിയോട് ഹോട്ടല്‍ ജീവനക്കാരന്‍  

 

 

ലണ്ടന്‍: ഭക്ഷണം വേണമെങ്കില്‍ ഹിജാബ് അഴിക്കണമെന്ന് മുസ്ലീം യുവതിയോട് മക്‌ഡൊണാള്‍ഡ്‌സ് റസ്റ്റോറന്റിലെ ജീവനക്കാരന്‍. 19 വയസുകാരിയായ മുസ്ലീം യുവതിക്കാണ് മക്‌ഡൊണാള്‍ഡ്‌സില്‍ നിന്ന് ഇത്തരമൊരു അനുഭവമുണ്ടായത്. നോര്‍ത്ത് ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്‌സ് റോഡിലെ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട് ലെറ്റില്‍ ഭക്ഷണം വാങ്ങാനെത്തിയതായിരുന്നു യുവതി. ഭക്ഷണം വാങ്ങാനായി ക്യൂവില്‍ നിന്നപ്പോഴാണ് ജീവനക്കാരന്‍ പെണ്‍കുട്ടിയോട് ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടത്. ഭക്ഷണം വേണമെങ്കില്‍ താങ്കളുടെ ഹിജാബ് അഴിച്ചുമാറ്റണമെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞത്. ഹിജാബ് അഴിച്ചുമാറ്റിയാലേ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള വരിയില്‍ നില്‍ക്കാനാകു എന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ക്ക് പെണ്‍കുട്ടി കൃത്യമായി മറുപടി നല്‍കി. ഹിജാബ് അഴിച്ചുമാറ്റാനാകില്ലെന്ന് വ്യക്തമാക്കിയ യുവതി, ഇത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും, ഇത് ധരിക്കുന്നതില്‍ തനിക്ക് നാണക്കേടില്ലെന്നും പറഞ്ഞു. ഹിജാബോടുകൂടി വരിയില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചേ താന്‍ മടങ്ങുകയുള്ളുവെന്നും യുവതി വ്യക്തമാക്കിയതോടെ രംഗം വഷളായി. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. സംഭവം കണ്ട് മറ്റുള്ളവര്‍ ഇടപെട്ടെങ്കിലും, ഇത് നിങ്ങളറിയേണ്ട കാര്യമല്ലെന്നായിരുന്നു ജീവനക്കാരന്റെ മറുപടി. ഇരുവരുടെയും തര്‍ക്കം തുടര്‍ന്നതോടെ റെസ്റ്റോറന്റിലെ മറ്റു ജീവനക്കാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അതേസമയം സംഭവത്തില്‍ ഇടപെട്ട മക്‌ഡൊണാള്‍ഡ്‌സ് പെണ്‍കുട്ടിയോട് ക്ഷമ ചോദിക്കുകയും ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഒപ്പം തങ്ങളുടെ റസ്റ്റോറന്റുകളില്‍ ഏതു വസ്ത്രവും ധരിച്ച് ആര്‍ക്കും വരാമെന്നും, ഒരു നിയന്ത്രണവുമില്ലെന്നും മക്‌ഡൊണാള്‍ഡ്‌സ് അറിയിച്ചു.

Top