ജിഷ്ണുവിന്റെ കുടുംബത്തിനു സഹായം ചെയ്യാനല്ല തിരുവനന്തപുരത്ത് എത്തിയതെന്ന് തോക്ക് സ്വാമി; ഡിജിപിയുടെ അനുവാദം ലഭിച്ച ശേഷം നേരില്‍ കാണാന്‍ എത്തി, കേസിന് ബലമുണ്ടാക്കാന്‍ പൊലീസ് കുടുക്കി

സമരം നടത്താന്‍ ജിഷ്ണുവിന്റെ കുടുംബത്തിനു സഹായം ചെയ്യാനല്ല താന്‍ തിരുവനന്തപുരത്ത് എത്തിയതെന്ന് ജയില്‍ മോചിതനായ ഹിമവല്‍ ഭദ്രാനന്ദയെന്ന തോക്കു സ്വാമി. പോലീസ് സുരക്ഷ നല്‍കാത്തതിനെപ്പറ്റി അന്വേഷിക്കാനെത്തിയ തന്നെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൊച്ചി കേന്ദ്രീകരിച്ച പൊലീസും മയക്കുമരുന്നു മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചും ഭീകരബന്ധമുള്ളവരെക്കുറിച്ചും അറിയിച്ചിട്ടും നടപടി എടുക്കാതിരുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പിയെ കാണാനെത്തിയപ്പോഴാണ് തന്നെ അറസ്റ്റ് ചെയ്തത്. ഫോണിലാണ് ഡി.ജി.പി അനുമതി നല്‍കിയതെന്നും അതു നിഷേധിക്കാന്‍ സംസ്ഥാന പോലീസ് മേധാവി സരിതയാണോ എന്നും അദ്ദേഹം ചോദിച്ചു. അതുകൂടാതെ വിജിലന്‍സില്‍നിന്നു ഒരു നോട്ടീസ് വന്നിരുന്നു. സെക്രട്ടറിയേറ്റില്‍ കൊടുത്ത ഒരു പരാതിയുടെ തുടര്‍ നടപടിയെക്കുറിച്ച് അറിയാന്‍ നേരിട്ട് എത്തണമെന്നു പറഞ്ഞ്. ഇതിനെല്ലാം കൂടിയാണ് തിരുവനന്തപുരത്ത് വന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം പൂജപ്പുരയിലെ ജില്ലാ ജയിലിന് പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.ജി.പി ഓഫീസിന് മുന്നില്‍ ജിഷ്ണു പ്രണോയുടെ ബന്ധുക്കള്‍ സമരത്തിനെത്തിയപ്പോഴാണ് പോലീസ് ഹിമവല്‍ ഭദ്രാനന്ദയെ കസ്റ്റഡിയിലെടുത്തത്. 10.30ന് എത്തിയ താന്‍ മാദ്ധ്യമ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കേ അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ചോദിച്ചിട്ടും പോലീസുകാര്‍ ഒന്നും പറഞ്ഞില്ലെന്നും കേസിനു ബലം കിട്ടാനാണെന്ന് പിന്നീടാണ് മനസിലായതെന്നും സ്വാമി പറഞ്ഞു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് താന്‍ കൈമാറിയ വിവരം പോലീസ് മുഖവിലക്കെടുത്തില്ലെങ്കിലും അതു പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഭീകരബന്ധമുള്ളവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവരം കൈമാറിയ തനിയ്ക്ക് റൂറല്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും നഗരത്തില്‍ നല്‍കാന്‍ കമ്മീഷണര്‍ തയ്യാറായില്ല. ഇതേക്കുറിച്ച് ഡി.ജി.പിയ്ക്കും ആഭ്യന്തര വകുപ്പിനും പരാതി നല്‍കാനാണെത്തിയത്. ഈ വിവരം നല്‍കിയതിന് മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന പേരില്‍ തനിക്കെതിരെ കേസെടുക്കുകയായിരുന്നു. തോക്കു കേസിന്റെ ജാള്യത മറയ്ക്കാനാണ് സമരവുമായി യാതൊരു ബന്ധവുമില്ലാത്ത തന്നെ കസ്റ്റഡിയിലെടുത്തത്. 11 മണിയ്ക്കും 12 മണിയ്ക്കും ഇടയ്ക്ക് കാണാന്‍ ഡി.ജി.പി അനുമതി നല്‍കിയത് സ്ഥിരീകരിക്കാന്‍ തന്റെ ഫോണ്‍ രേഖ പരിശോധിക്കാമെന്നും സന്യാസിയായ താന്‍ കള്ളം പറയില്ലെന്നും സ്വാമി ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.

ഇവിടുത്തെ പൊലീസിന് എല്ലാ കാര്യവും കൃത്യമായി അറിയാമെന്നാണ് പറയുന്നത്. എന്നാല്‍ തോക്കു കേസ് എന്താണെന്നതു സംബന്ധിച്ച് ഇവിടുത്തെ പൊലീസിന് ഒന്നും അറിയില്ല. ഏതു കേസിന്റെയും കൂടെ തന്റെ പേരുകൂടിയുണ്ടെങ്കില്‍ അതിനൊരു ബലമുണ്ടെന്നാണ് പറയുന്നത്. ഇങ്ങനെ ബലമുണ്ടാക്കാന്‍ താന്‍ എന്താ ഫെവിക്കോളോ, ശങ്കര്‍ സിമിന്റോ ആണോ? ഹിമവല്‍ ഭദ്രാനന്ദ ചോദിച്ചു.

Top