ന്യൂഡല്‍ഹി: മോദിക്ക് എന്തിനും ഏതിനും അമിത് ഷാ വേണമെന്നാണ് അവസ്ഥയെന്ന് സോഷ്യല്‍ മീഡിയ. വെറുതേ പറയുന്നതല്ല ഇത്. മോദി പുതുതായി പ്രഖ്യാപിച്ച
അഞ്ച് മന്ത്രിസഭാ സമിതികളിലും അമിത് ഷാ അംഗമാണ്. രണ്ടു സമിതികളുടെയും അദ്ധ്യക്ഷന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ആണ്. പാര്‍ലമെന്ററികാര്യത്തിനും സര്‍ക്കാര്‍ വീടുകള്‍ അനുവദിക്കുന്നതിനുമുള്ള സമിതികളിലാണ് അമിത് ഷായെ അദ്ധ്യക്ഷനാക്കിയത്.
ഇറാന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം വൈകീട്ട് അഭ്യന്തര മന്ത്രി അമിത്ഷാ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൂടാതെ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി. സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച എണ്ണ ഇറക്കുമതി വിഷയത്തില്‍ അമിത് ഷായ്ക്കെന്താ കാര്യം എന്നാണ്.
അമിത് ഷാ സുപ്രധാന മന്ത്രിതല സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നാണ് ഈ ചര്‍ച്ച സൂചിപ്പിക്കുന്നത്. അതേസമയം ഇന്നലെയും ഇന്നും അദ്ദേഹം കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. തീവ്രവാദികളുമായി ചര്‍ച്ചയ്ക്കില്ലെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നന് അമിത് ഷാ പറഞ്ഞു. കാശ്മീരിലെ മണ്ഡല പുനര്‍നിര്‍ണയത്തെപ്പറ്റിയും അദ്ദേഹം ചര്‍ച്ചചെയ്തു. എന്നാല്‍ അമിത് ഷായുടെ ഈ നീക്കങ്ങള്‍ ബാലിശമാണെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തെത്തി.
ഇതുവരെ പ്രഖ്യാപിച്ച എട്ട് മത്രിസഭാ സമിതികളിലും അമിത് ഷാ അംഗമാണ്.