തൃശ്ശൂര്‍: വിസ തട്ടിപ്പിന് ഇരയായ സ്ത്രീ സൗദിയില്‍ നരക ജീവിതം നയിക്കുന്നു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ സലീമ (48)യാണ് സൗദിയിലെ അല്‍ കുറുമ അസീസിയയിലെ അറബിയുടെ വീട്ടില്‍ അകപ്പെട്ടത്. തൃശ്ശൂരിലുള്ള മകന്‍ ആഷിഖിനെ ബന്ധപ്പെടാന്‍ മാത്രമാണ് സലീമയെ അനുവദിക്കുന്നത്.
20 മണിക്കൂറിലേറെ ജോലിയും കൊടിയപീഡനവും അനുഭവിക്കുന്ന അമ്മ ഗര്‍ഭാശയരോഗംമൂലമുള്ള രക്തസ്രാവത്താല്‍ അവശയാണെന്ന് ആഷിഖ് പറയുന്നു. ഭീഷണിക്കുപുറമേ ഏഴുമാസമായി ശമ്പളവുമില്ല. രോഗം കലശലായെങ്കിലും ഒരു തവണയാണ് ആസ്?പത്രിയില്‍ കൊണ്ടുപോയത്. രോഗം കുറഞ്ഞില്ലെങ്കില്‍ വീണ്ടും വരണമെന്ന് ഡോക്ടര്‍ പറഞ്ഞതാണ്. പക്ഷേ, കൊണ്ടുപോകാന്‍ തൊഴിലുടമ തയ്യാറായില്ല. തന്നെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ കരയുകയാണെന്ന് ആഷിഖ് പറയുന്നു.
തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയായിരുന്നു ഇവരുടെ ഭര്‍ത്താവ്. പിന്നീട് മൊഴിചൊല്ലി. സ്വന്തം നാടായ താമരശ്ശേരി തച്ചംപൊയില്‍ പി.സി. മുക്കില്‍ െചറിയൊരു വീടുവാങ്ങി. അടുത്ത വീടുകളില്‍ ജോലിചെയ്താണ് കുടുംബം പുലര്‍ത്തിയത്. ജന്മനാ അസുഖമുണ്ടായിരുന്ന ഏകമകള്‍ രണ്ടുവര്‍ഷംമുമ്പ് മരിച്ചു.
മൂത്തമകന്‍ റഫീഖിനെ ഹൃദ്രോഗം പിടികൂടിയതോടെയാണ് വീട് തളര്‍ന്നത്. രോഗംമാറാന്‍ ആഴ്ചതോറും രക്തം കുത്തിവെയ്ക്കേണ്ടതായി വന്നു. വില കൂടിയ മരുന്നും വേണം. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ റഫീഖിന് ജോലിയൊന്നും ചെയ്യാനാകാതെ വന്നതോടെയാണ് സലീമ വിദേശത്തേക്ക് േപാകാന്‍ തയ്യാറായത്.
മുഹമ്മദ് എന്ന ഏജന്റാണ് വിസ ശരിയാക്കിയത്. എന്നാല്‍, പറഞ്ഞ സ്ഥലത്തല്ല ജോലികിട്ടിയത്. വിസതട്ടിപ്പിന് ഇരയായെന്ന് അപ്പോഴാണ് അറിഞ്ഞത്. 2016 ഒക്ടോബര്‍ 26-ന് സലീമ വിദേശത്തെത്തി 15-ാമത്തെ ദിവസം മൂത്തമകന്‍ റഫീഖ് മരിച്ചു. തൃശ്ശൂരില്‍ രണ്ടാംവര്‍ഷ ബി.സി.എ. വിദ്യാര്‍ഥിയായിരുന്ന ആഷിഖ് അതോടെ പഠനംനിര്‍ത്തി. ഇപ്പോള്‍ തൃശ്ശൂരില്‍ െചറിയ ശമ്പളത്തിന് ജോലിചെയ്യുകയാണ് ആഷിഖ്.
സലീമയെ രക്ഷിക്കാനായി ബി.ജെ.പി. ജില്ലാപ്രസിഡന്റ് എ. നാഗേഷിന്റെ സഹായത്തോടെ വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് പരാതി അയച്ചിട്ടുണ്ട് ആഷിഖ്. നിയമപരമായി വിദേശ എംബസിയിലും പരാതി രജിസ്റ്റര്‍ചെയ്തു. നടപടിയുണ്ടാകുംവരെ അമ്മയ്ക്കൊന്നും സംഭവിക്കരുതേയെന്ന പ്രാര്‍ഥനയിലാണ് ആഷിഖ്.