ദില്ലി:പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി പ്രചാരണം നടത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ ഗോ ബാക്ക് വിളിച്ചവരില്‍ മലയാളി യുവതിയും. സൂര്യ, ഹർമിയ എന്നീ അഭിഭാഷക യുവതികളാണു മുദ്രാവാക്യം വിളിച്ചത്. ഇതിൽ സൂര്യ കൊല്ലം സ്വദേശിനിയാണ്. പൗരത്വ നിയമഭേദഗതിയ്ക്ക് അനുകൂലമായി വീടുകൾ തോറും കയറി പ്രചാരണം നടത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ ആണ് ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിച്ചത് . ഇന്ന് തന്നെ ഫ്ലാറ്റൊഴിയണമെന്ന് യുവതികളോട് ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ഞായറാഴ്ച തന്നെ ഫ്ളാറ്റൊഴിയണമെന്ന് യുവതികളോടു ഉടമകൾ ആവശ്യപ്പെട്ടു. യുവതികൾക്കെതിരെ പ്രാദേശികമായി വലിയ ജനവികാരമുണ്ടെന്നും, അതിനാൽ അടിയന്തരമായി ഫ്ളാറ്റൊഴിയണമെന്നുമാണ് ഉടമകളുടെ ആവശ്യം. ഡൽഹി ലജ്പത് നഗറിൽ ചണ്ഡിബസാറിൽ എത്തിയപ്പോഴാണ് അമിത് ഷായ്ക്കു നേരെ അപ്രതീക്ഷിത പ്രതിഷേധമുണ്ടായത്.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ആദ്യം കയറിയ വീട്ടിൽ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്, യുവതികളടക്കമുള്ളവർ വീടിന് മുകളിൽ നിന്ന് അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്. വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. തുടർന്ന് കോളനിവാസികളും ഗോബാക്ക് വിളിച്ചു. ഇവർക്കെതിരെ അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരിൽ ചിലർ രൂക്ഷമായ ഭാഷയിലാണ് തിരിച്ച് പ്രതികരിച്ചത്.
ഇതേത്തുടർന്ന് പൊലീസ് ഇവരുടെ വീടിന് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ആക്രമണസാധ്യതയുണ്ടെന്ന് കണ്ട് സംഘർഷം ഒഴിവാക്കാനാണ് പൊലീസ് നടപടി. പൗരത്വ നിയമഭേദഗതിയിൽ ജനരോഷം ആളിക്കത്തിയപ്പോൾ ബോധവത്ക്കരണം എന്ന പേരിൽ വിപുലമായി പണം ചെലവഴിച്ച്, വൻ പ്രചാരണം നടത്താനാണ് ബിജെപിയുടെ പദ്ധതി. വീടുവീടാന്തരം കയറി ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് വിശദീകരിക്കലാണ് ആദ്യപടി.
ഇതിന്റെ ഭാഗമായി കേരളത്തിൽ നടത്തിയ വീട് കയറി പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ, ജോർജ് ഓണക്കൂറിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് എഴുത്തുകാരൻ എതിർപ്പറിയിച്ചത് സംസ്ഥാനത്തെ ബിജെപിയുടെ പ്രചാരണത്തിന് തിരിച്ചടി ആയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായ്ക്ക് എതിരെത്തന്നെ ജനങ്ങൾ ഗോ ബാക്ക് വിളിക്കുന്നത്.