തിരുവനന്തപുരം:തൊടുപുഴ: വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായിരിക്കുന്ന തിരുവനന്തപുരം ലോ അക്കാദാമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് അപമാനിക്കുക, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ മാനസീകമായി തളര്‍ത്തുക തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.പട്ടിക ജാതിക്കാരായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന പരാതിയിലാണു കേസ്. വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും കോളജിനെതിരേ നിരവധി പരാതികള്‍ ലഭിച്ചതായി കമ്മിഷന്‍ അംഗം പി.മോഹന്‍ദാസ് അറിയിച്ചു. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പാളിനോടും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ടതായും കമ്മിഷന്‍ വ്യക്തമാക്കി.
അതേസമയം, വിദ്യാര്‍ഥികളുടെ പരാതികള്‍ അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച ഉപസമിതി കോളജില്‍ തെളിവെടുപ്പ് ആരംഭിച്ചു. സര്‍വകലാശാല അഫിലിയേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി.രാജേഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള ഒന്പതംഗ സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നും നാളെയുമായി വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും അധ്യാപകരില്‍നിന്നും തെളിവെടുക്കുന്ന ഉപസമിതി ശനിയാഴ്ച സര്‍വകലാശാലയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതേസമയം, കോളജിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി. കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് വിപുലമായ സംവിധാനങ്ങളാണെന്നു പറഞ്ഞ അവര്‍ കാന്പസ് രാഷ്ട്രീയത്തിനിറങ്ങിയവര്‍ക്കു പോലും ഹാജര്‍ നല്‍കിയ പ്രിന്‍സിപ്പാളാണ് താനെന്നും കൂട്ടിച്ചര്‍ത്തു.
എന്നാല്‍ അക്കാദമിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ തള്ളി ലക്ഷ്മി നായര്‍ രംഗത്തെത്തിയിരുന്നു. കോളേജില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച അവര്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയാണിതെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായി എത്തിയ എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരെ കരിങ്കൊടി കാണിച്ചിരുന്നു.