ദുബായ്: ദാമ്പത്യബന്ധം നിലനിന്ന് പോകുന്നതിന് പല തരത്തിലുള്ള വിട്ടു വീഴ്ച്ചകള്‍ക്കും ദമ്പതികള്‍ തയ്യാറാകേണ്ടതുണ്ട്. പരസ്പരം അറിഞ്ഞ് തുണയാകുകയാണ് വേണ്ടതെന്ന് പറയാം. ഇവിടെയിതാ ഒരു ഷവര്‍മ്മ് ഒരു കുടുംബത്തിന്റെ അവസാനം കണ്ടിരിക്കുന്നു. ഷവര്‍മയെച്ചൊല്ലി കല്യാണത്തിന്റെ 40ആം ദിവസം ദമ്പതികള്‍ വേര്‍പിരിഞ്ഞത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഈജിപ്തിലാണ് ഈ വിചിത്രമായ സംഭവം നടന്നത്.
സമീഹയെന്ന യുവതിയാണ് ഭര്‍ത്താവ് ഷവര്‍മ വാങ്ങി നല്‍കിയില്ലെന്ന് ആരോപിച്ച് വിവാഹ മോചന കേസ് നല്‍കിയത്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാല്‍ ആവശ്യമില്ലാതെ പുറത്ത് പോകുന്നത് പണ ചെലവാണെന്നും താന്‍ അത് വെറുക്കുന്നുവെന്നുമുള്ള ഭര്‍ത്താവിന്റെ നിലപാട് വിവാഹം കഴിഞ്ഞതിന്റെ ആദ്യ നാളുകളില്‍ തന്നെ ഞെട്ടിച്ചുവെന്ന് യുവതി പറയുന്നു. നാല്‍പത് ദിവസം ഒരുമിച്ച് ജീവിച്ചിട്ടും തങ്ങള്‍ പുറത്തൊന്നും പോയിരുന്നില്ല. എന്നാല്‍ ഒടുവില്‍ തന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഭര്‍ത്താവ് പുറത്ത് കൊണ്ട് പോയ ദിവസമാണ് വിവാഹമോചനത്തിന് കാരണമായ സംഭവം നടന്നത്.
പുറത്ത് പോയപ്പോള്‍ തനിക്കൊരു ഷവര്‍മ വാങ്ങി തരാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ജ്യൂസ് വാങ്ങി നല്‍കിയെന്നും അത് കൊണ്ട് തൃപ്തിപ്പെടണമെന്നുമായിരുന്നു ഭര്‍ത്താവിന്റെ നിലപാട്. ജ്യൂസ് വാങ്ങിതന്നതിന് ശേഷം ഷവര്‍മ ആവശ്യപ്പെടുന്നത് തന്റെ സമ്പത്ത് മുടിക്കാനാണെന്നും ഭര്‍ത്താവ് ആരോപിച്ചു. ഇത് കേട്ട് തകര്‍ന്നു പോയ താന്‍ കുടുംബാംഗങ്ങളോട് ഇക്കാര്യം പറഞ്ഞുവെന്നും പിന്നീടാണ് വിവാഹ മോചന കേസ് കൊടുത്തതെന്നും യുവതി വ്യക്തമാക്കി. ഈജിപ്ഷ്യന്‍ കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഉടന്‍ തന്നെ തീരുമാനമാകുമെന്നാണ് അറിയുന്നത്.