ഹൈദരാബാദ്: ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തിയിരുന്ന കള്ളന്‍ പോലീസ് പിടിയില്‍. ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലായി വിവിധ മോഷണങ്ങളില്‍ പ്രതികളായ മൊഹമ്മദ് സമീര്‍ഖാന്‍, സഹായികളായ മൊഹമ്മദ് ഷൊയബ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച്ച മോഷണം നടത്തിയാല്‍ പിടിക്കപ്പെടില്ലെന്നായിരുന്നു ഇവരുടെ വിശ്വാസം.
കാഴ്ചക്കുറവ് ഉണ്ടായിരുന്നതുകൊണ്ട് പകല്‍ സമയത്താണ് ഇവര്‍ മോഷണം നടത്തിക്കൊണ്ടിരുന്നത്. രാവിലെ ബൈക്കില്‍ കറങ്ങിനടന്ന് ആളില്ലാത്ത വീട് കണ്ടെത്തുകയും ഒരാള്‍ പുറത്ത് നിന്ന് സാഹചര്യം വീക്ഷിക്കുകയും മറ്റൊരാള്‍ പൂട്ടുതുറന്ന് അകത്ത് കടന്ന് മോഷണം നടത്തുന്നതുമാണ് സംഘത്തിന്റെ രീതി. ഇവര്‍ മൂന്ന് പേര്‍ പിടിയിലായതോടെ മൂന്ന് സംസ്ഥാനങ്ങളിലെ 30 കേസുകളിലേക്കാണ് വെളിച്ചം വീണത്. ഇവരില്‍ നിന്നും 700 ഗ്രാം സ്വര്‍ണ്ണം, 21 ലക്ഷം രൂപ എന്നിവ കണ്ടെത്തി.
അഫ്ഗാനിസ്ഥാന്‍കാരനായ മുഹമ്മദ് സമീര്‍ഖാന്‍ രാത്രിയില്‍ കാഴ്ച കുറവായതിനെ തുടര്‍ന്നാണ് പകല്‍മാത്രം മോഷണം നടത്തിയിരുന്നത്. ജയിലില്‍ വെച്ചാണ് ഹൈദരാബാദുകാരനായ ഷൊയബിനെ സമീര്‍ഖാന്‍ കണ്ടുമുട്ടിയത്. പിന്നീട് തന്റെ സഹായിയായി ഇയാളെ ഉപയോഗിക്കുകയായിരുന്നു. ചെറിയ സ്പാനര്‍ ഉപയോഗിച്ച് വെറും അഞ്ചു മിനിറ്റിനുള്ളില്‍ പൂട്ട് പൊളിക്കാന്‍ വിദഗ്ദ്ധനാണ് സമീര്‍.