മുംബൈ: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് ബോളിവുഡ് ബിഗ് ബി പ്രതികരിക്കുന്നു. താന്‍ രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരനാണെന്ന് പറഞ്ഞ അമിതാഭ് ബച്ചന്‍ കള്ളപ്പണ ആരോപണവും നികുതി വെട്ടിപ്പ് ആരോപണങ്ങളും നിഷേധിക്കുകയുണ്ടായി. പനാമ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതു പോലെ നാല് കമ്പനികളുടെ ഡയറക്ടറല്ല താനെന്നും താരം വ്യക്തമാക്കി.
സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ അന്വേഷണത്തില്‍ സന്തോഷവാനാണെന്നും ബിഗ് ബി വ്യക്തമാക്കി. 2009 മുതല്‍ ബച്ചന്‍ വാണിജ്യ നികുതിവകുപ്പിന്റെയും ആദായ നികുതിവകുപ്പിന്റെയും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളോടും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ കുറേ വര്‍ഷമായി ഈ ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും താന്‍ കൃത്യമായി അന്വേഷണത്തിന് സഹകരിക്കുന്ന വ്യക്തിയാണെന്നും ബച്ചന്‍ പറഞ്ഞു.
അതേസമയം വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച സംഭവത്തില്‍ തനിക്കു ബന്ധമുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. പനാമ രേഖകള്‍ എന്ന പേരില്‍ പുറത്തിറങ്ങിയ കള്ളപ്പണക്കാരുടെ പേരു വിവരപ്പട്ടികയില്‍ അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യാ റായും ഉള്‍പ്പെട്ടിട്ടുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ വിദേശത്ത് ചെലവഴിച്ച പണത്തിന് നികുതി നല്‍കിയിട്ടുണ്ട്.
തനിക്ക് ഓഹരി പങ്കാളിത്തമുണ്ടെന്ന് പറയുന്ന കമ്പനികളെ കുറിച്ച് അറിയില്ല. നിയമവിധേയമായ സാമ്പത്തിക ഇടപാടുകള്‍ മാത്രമേ വിദേശത്തും നടത്തിയിട്ടുള്ളൂ. പുറത്തു വരുന്ന രേഖകളില്‍ പറയുന്ന കമ്പനികളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.