ന്യൂഡൽഹി: രാഷ്ട്രീയ കേരളത്തിൽ ഏറെകോളിളക്കമുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഉമ്മൻ ചാണ്ടിയും കൂട്ടാളികളും കുടുങ്ങും.കേസിൽ നിരപരാധിയായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാര്‍ രണ്ട് മാസത്തിനകം നഷ്ടപരിഹാര തുക നല്‍കണമെന്ന് കോടതി പറഞ്ഞു. 8 ആഴ്ചയ്ക്കകം തുക നല്‍കണം. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവില്‍ സ്യൂട്ടുമായി നമ്പി നാരായണന് മുന്നോട്ട് പോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ചാരക്കേസിലെ സുപ്രീംകോടതി വിധി രാഷ്ട്രീയമായി ഏറ്റുമധികം ബാധിക്കുക കോണ്‍ഗ്രസ് എ ഗ്രൂപ്പിനെയും നേതാവായ ഉമ്മന്‍ചാണ്ടിയേയുമായിരിക്കും.വിധിക്കു ശേഷം കെ മുരളീധരനും പത്മജ വേണുഗോപാലും പറഞ്ഞ വാക്കുകളും അതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.കേരളത്തിലെ ഗ്രൂപ്പ് വഴക്കിന് ഏറ്റവുമധികം ഊര്‍ജം പകര്‍ന്ന ഒന്നായിരുന്നു ചാരക്കേസ്.ചാരക്കേസിന്റെ പേരില്‍ കെ കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനം നഷ്ടമാക്കാന്‍ മുന്നില്‍നിന്ന ഉമ്മന്‍ചാണ്ടിയെ അതേ കേസ് തിരിഞ്ഞുകൊത്തുന്ന നിലയിലേക്ക് എത്തുകയാണിപ്പോള്‍. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന സുപ്രീംകോടതി ഉത്തരവ് ഉമ്മന്‍ചാണ്ടിക്ക് നേരെയാണ് വിരല്‍ചൂണ്ടുന്നതെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നു.
നിയമസഭാ കക്ഷി ഉപനേതാവായിരുന്ന ഉമ്മന്‍ചാണ്ടി 1994ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍നിന്ന് രാജിവച്ച ശേഷം നേതൃമാറ്റം ആവശ്യപ്പെടുകയായിരുന്നു.ചാരക്കേസില്‍ തനിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് പറയാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും അന്ന് ഒപ്പം നിന്നവരെല്ലാം കയ്യൊഴിഞ്ഞതോടെ ഒറ്റപ്പെട്ട നിലയിലാണ് ഉമ്മന്‍ചാണ്ടി. ജുഡീഷ്യല്‍ കമ്മീഷന്റെ വിശദമായ അന്വേഷണത്തില്‍ യാഥാര്‍ത്ഥ്യം തുറന്നു പറയാന്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായാല്‍ ഉമ്മന്‍ചാണ്ടിയും അനുയായികളും പ്രതിക്കൂട്ടിലാവുമെന്ന് ഐ ഗ്രൂപ്പ് വിശ്വസിക്കുന്നു.
ഉമ്മന്‍ചാണ്ടിയാണ് 1994ലും ’95ലും കരുണാകരനെതിരെ പരസ്യവിമര്‍ശം നടത്തുകയും രാജി ആവശ്യപ്പെടുകയുംചെയ്ത് കോണ്‍ഗ്രസിലെ ഏറ്റവും വലിയ അച്ചടക്കലംഘനത്തിന് നേതൃത്വം നല്‍കിയത്. 1994 ജൂണ്‍ 22ന്് കെ കരുണാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെതുടര്‍ന്ന് ധനമന്ത്രിസ്ഥാനത്തുനിന്ന് ഉമ്മന്‍ചാണ്ടി രാജിവച്ചു. 1995 ജനുവരി നാലിന് ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവന യില്‍ ചാരവൃത്തികേസില്‍ മുഖ്യമന്ത്രി കരുണാകരന്റെ നിലപാടും നടപടി സ്വീകരിക്കുന്നതിനു കാട്ടിയ വൈമുഖ്യവും കോണ്‍ഗ്രസിന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയും വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നു ചൂണ്ടിക്കാട്ടുന്നു. ജനുവരി 13ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഐജി രമണ്‍ ശ്രീവാസ്തവ പങ്കാളിയാണെന്നു പറഞ്ഞിരുന്നു. രമണ്‍ ശ്രവാസ്തവയെ സംരക്ഷിക്കുകയാണ് കരുണാകരനെന്നു പറഞ്ഞുകൊണ്ട് ഉമ്മന്‍ചാണ്ടിയും കൂട്ടരും കരുണാകരന്റെ രാജിക്കുവേണ്ടി ശബ്ദമുയര്‍ത്തി.
ജനുവരി 15ന് ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവനയില്‍ ‘ഇനി ഒരു നിമിഷംപോലും കരുണാകരന്റെ നേതൃത്വം പാര്‍ടിക്ക് പൊറുക്കാനാകില്ലെന്നും കരുണാകരന്റെ പ്രവര്‍ത്തനശൈലി യുഡിഎഫ് ഗവണ്‍മെന്റിനെയും ഭരണത്തെയും നശിപ്പിക്കു’മെന്നും പറഞ്ഞു. കരുണാകരനെ മാറ്റാന്‍ ഹൈക്കമാണ്ട് ഇടപെടണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ജനുവരി 30ന് നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍നിന്ന് ഉമ്മന്‍ചാണ്ടിയുടെ പക്ഷക്കാരായ 21 എംഎല്‍എമാര്‍ ഇറങ്ങിപ്പോയി. സമ്മര്‍ദങ്ങള്‍ ഹൈക്കമാന്‍ഡിലേക്കും നീണ്ടു. എ കെ ആന്റണിയും ഈ ശ്രമങ്ങളില്‍ പങ്കാളിയായി. 1995 മാര്‍ച്ച് 16ന് കരുണാകരന്‍ രാജിവച്ചു.ആന്റണിയെ മുഖ്യമന്ത്രിയാക്കി.
അതേസമയം ചാരക്കേസിന് പിന്നില്‍ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവായിരുന്നുവെന്ന് കെ മുരളീധരൻ പ്രതികരിച്ചു. കേസില്‍ നീതി കിട്ടാതെ മരണപ്പെട്ടത് കെ കരുണാകരന്‍ മാത്രമാണ്. സുപ്രിം കോടതി വിധിയോടെ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നു. അന്വേഷണം സംഘം വിളിച്ചാല്‍ ഹാജരാകും എന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന അഞ്ചുപേരാണ് ചാരക്കേസിന് പിന്നിലെന്ന് കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ആരോപിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടാൽ അവരുടെ പേരുകള്‍ വ്യക്തമാക്കാൻ തയ്യാറാണ്. മൂന്ന് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ചാരകേസ് എന്നും പത്മജ പറഞ്ഞു.
മാനസികമായി തളര്‍ന്ന സമയത്ത് അടിച്ചപ്പോള്‍ അച്ഛന്‍ വീണുപോവുകയായിരുന്നു. അമ്മ മരിച്ച് അദ്ദേഹം മാനസികമായി തളര്‍ന്നിരിക്കുന്ന സമയത്താണ് എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ അക്രമിച്ചത്. പിന്നീട് ജീവിതവും രാഷ്ട്രീയവും ഒന്നും വേണ്ട എന്ന് വെച്ച് അദ്ദേഹം കീഴടങ്ങുകയായിരുന്നു. മാനസികമായി ധൈര്യം ഉണ്ടായിരുന്ന സമയത്താണ് അക്രമിച്ചതെങ്കില്‍ കെ കരുണാകരന്‍ ഒരിക്കലും അവര്‍ക്കു മുന്നില്‍ കീഴടങ്ങില്ലായിരുന്നു എന്നും പത്മജ പറഞ്ഞു.
മരണംവരെ അച്ഛന് ഇതില്‍ സങ്കടം ഉണ്ടായിരുന്നു. രാജ്യത്തിനെ സ്‌നേഹിച്ച ഒരാളെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് അദ്ദേഹത്തെ തേജോവധം ചെയ്തു. കെ കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. അദ്ദേഹത്തെ ചതിച്ചവര്‍ ഇന്ന് സുരക്ഷിതരായി ഇരിക്കുകയാണ്. അവര്‍ക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ കോടതി വിധി എന്നും പത്മജ പറഞ്ഞു.