ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ ഓറഞ്ച് അലര്‍ട്ട് (അതിജാഗ്രതാ നിര്‍ദ്ദേശം) പ്രഖ്യപിച്ചേക്കും. ഡാം തുറന്നാല്‍ ചെറുതോണി ടൗണ്‍ മുതല്‍ ആലുവവരെ പെരിയാറില്‍ 90 കിലോമീറ്ററിലാണ് വെള്ളമൊഴുകുക. 2400 അടിവരെ കാക്കാതെ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. 2397-2398 അടിയിലെത്തുമ്പോള്‍ വെള്ളം തുറന്നുവിട്ടേക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി ചെറുതോണി അണക്കെട്ടിനു മുകളില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ഡാം സുരക്ഷാ ഗവേഷണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂം ഇന്ന് രാവിലെ പ്രവര്‍ത്തനം തുടങ്ങും. ജലനിരപ്പ് 2,400 അടിയിലെത്തുന്നതിന് മുമ്പ് തന്നെ ഷട്ടറുകള്‍ തുറക്കാന്‍ ശനിയാഴ്ച മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
ഞായറാഴ്ച ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 2394 അടിയിലെത്തിയിട്ടുണ്ട്. ഒരടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ഷട്ടര്‍ തുറന്ന് ഒരു മണിക്കൂറിനകം 24 കിലോമീറ്റര്‍ അകലെ ലോവര്‍പെരിയാര്‍ അണക്കെട്ടില്‍ വെള്ളമെത്തും. കല്ലാര്‍കുട്ടി നിറഞ്ഞതിനാല്‍ തുറന്നുവിട്ടിരിക്കുന്ന വെള്ളവും നേര്യമംഗലം പവര്‍ഹൗസില്‍നിന്നുള്ള വെള്ളവും പെരിയാറിലെ വെള്ളവും ലോവര്‍ പെരിയാറിലാണ് ചേരുന്നത്. ഇടുക്കിയില്‍നിന്നുള്ള വെള്ളംകൂടി എത്തുന്നതോടെ ലോവര്‍പെരിയാറിന്റെ ഏഴ് ഷട്ടറുകള്‍ ഒന്നിച്ചുയര്‍ത്തേണ്ടിവരും. നിലവില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ലോവര്‍പെരിയാറില്‍നിന്ന് ഭൂതത്താന്‍കെട്ട്, മലയാറ്റൂര്‍, കാലടി, നെടുമ്പാശ്ശേരി, ആലുവ എന്നിവിടങ്ങളിലൂടെ ഒഴുകി വരാപ്പുഴ കായലില്‍ ചേരും. അതുകൊണ്ട് തന്നെ ഭൂതത്താന്‍കെട്ട്, മലയാറ്റൂര്‍, കാലടി, നെടുമ്പാശ്ശേരി, ആലുവ എന്നിവിടങ്ങളിലാകും വെള്ളപ്പൊക്കമുണ്ടാവുക. ഇവിടെ ജനജീവിതം ദുരിതപൂര്‍ണ്ണമാകും. മണിക്കൂര്‍തോറും സംഭരണിയിലെ ജലനിരപ്പ് വൈദ്യുതിബോര്‍ഡിന്റെ ഉന്നതകേന്ദ്രങ്ങളില്‍ അറിയിക്കുക, വെള്ളം ഒഴുകിപ്പോകുന്ന സ്ഥലങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുക, ഒഴുക്കുമൂലം ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ഷട്ടര്‍ അടച്ച് ഒഴുക്കു നിയന്ത്രിക്കുക തുടങ്ങിയവയാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയിലുള്ളത്.
ഡാം സുരക്ഷാ ഗവേഷണവിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥസംഘം 24 മണിക്കൂറും കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷണം നടത്തും. അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച ട്രയല്‍റണ്‍ നടത്തുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. മതിയായ മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷമെ അണക്കെട്ട് തുറക്കൂവെന്നും അധികൃതര്‍ പറഞ്ഞു. അണക്കെട്ട് തുറക്കുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ക്ക് അധികൃതര്‍ തുടക്കംകുറിച്ചിരുന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച നോട്ടീസ് നല്‍കും. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ എന്തൊക്കെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നത് കാണാന്‍ വരുന്നവരെ നിയന്ത്രിക്കും. പെരിയാറിന്റെ തീരത്തെ വലിയ മരങ്ങള്‍ മുറിച്ചു മാറ്റും. ഇടുക്കി സംഭരണി മുതല്‍ ലോവര്‍ പെരിയാര്‍ ഡാം വരെ 24 കിലോമീറ്റര്‍ ദൂരത്തിലാണ് മുന്‍കരുതല്‍ നടപടികള്‍. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ചൊവ്വാഴ്ച തുറക്കും. ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തും. നാലു മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ട്രയല്‍ റണ്ണാണ് നടക്കുക. ദുരന്ത നിവാരണസേനയുടെ സംഘം ഇടുക്കിയിലെത്തിയിട്ടുണ്ട്. ഓരോ സംഘങ്ങള്‍ ആലുവയിലും തൃശൂരിലും ക്യാംപ് ചെയ്യും. ഇടുക്കി ജലസംഭരണിയില്‍ വെള്ളം ഉയരുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഇതിനു മുന്‍പു ചെറുതോണി അണക്കെട്ടു തുറന്നതു 1992ല്‍ ആയിരുന്നു.
വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയര്‍ത്തിയാണ്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും. അതേസമയം, ഞായറാഴ്ച വീണ്ടും മഴ തുടങ്ങിയിട്ടുണ്ട്. തേക്കടിയില്‍ 16.2 മില്ലിമീറ്ററും മുല്ലപ്പെരിയാറില്‍ 20 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ സെക്കന്‍ഡില്‍ 2267 ഘനയടി വെള്ളമെത്തിയിരുന്നത് വൈകുന്നേരത്തോടെ 2008 ഘനയടിയായി കുറഞ്ഞു. തമിഴ്‌നാട് 2300 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്.
നദിക്കരയോടുചേര്‍ന്ന് താമസിക്കുന്നവരും മുമ്പ് വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും അടിയന്തരസാഹചര്യം നേരിടാനുള്ള സാമഗ്രികള്‍ (എമര്‍ജന്‍സി കിറ്റ്) കരുതണം. മൊബൈല്‍ ഫോണ്‍, ടോര്‍ച്ച്, അരലിറ്റര്‍ വെള്ളം, ഒരു പാക്കറ്റ് ഒ.ആര്‍.എസ്. ലായനി, അവശ്യമരുന്ന്, മുറിവിനുള്ള മരുന്ന്, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, ചെറിയ കത്തി, ക്ലോറിന്‍ ഗുളിക, ആന്റിസെപ്റ്റിക് ലോഷന്‍, അത്യാവശം പണം എന്നിവയാണ് കിറ്റിലുണ്ടാകേണ്ടത്.