കനത്ത മ​ഴ; ശ​നി​യാ​ഴ്ച ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ടും

ഇടുക്കി:അതിതീവ്ര മഴയായതിനാൽ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ ആറ് മണിയ്ക്ക് ഒരു ഷട്ടര്‍ തുറക്കും. ഒരു ഷട്ടര്‍ ഉയര്‍ത്തി 50 ഘനമീറ്റര്‍ വെള്ളം ഒഴുക്കി വിടും.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് അണക്കെട്ട് തുറന്നുവിടുന്നത് . ഇടുക്കി ഇതുസംബന്ധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പുറത്തുവന്നു. ശനിയാഴ്ച രാവിലെ കളക്ടര്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്. പെരിയാറിന്‍റെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടർ വെള്ളിയാഴ്ച വൈ കുന്നേരം നാലോടെ തുറക്കാൻ ജില്ലാ ഭരണകൂടം വൈദ്യുതി ബോർഡിന് അനുമതി നൽകിയിരുന്നെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ തീരുമാനം നീ ട്ടിവയ്ക്കുകയായിരുന്നു. അതിതീവ്രമഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിൽ വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് മഴ പെയ്തത്. ഇടുക്കി പദ്ധതി പ്രദേശത്തും മഴ കുറവായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് അണക്കെട്ട് തുറക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഉന്നതതല യോഗത്തിനു ശേഷം അണക്കെട്ട് തുറന്നാല്‍ മതിയെന്ന തീരുമാനത്തില്‍ അധികൃതര്‍ പിന്നീട് എത്തി. തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തിലാണ് ശനിയാഴ്ച രാവിലെ 11 ന് അണക്കെട്ട് തുറക്കാന്‍ തീരുമാനമായത്.കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിച്ച ശേഷമാണ് നാളെ ഒരു ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിൽ മാട്ടുപ്പെട്ടി, പൊൻമുടി, മലങ്കര അണക്കെട്ടുകളിൽ നിന്നുള്ള ജലമൊഴുക്ക് കൂട്ടിയിരിക്കുകയാണ്. മുതിരപ്പുഴയാർ, പന്നിയാർ, തൊടുപുഴയാർ എന്നിവയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി.ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരുകയാണ്. മലയോര മേഖലയിലെ രാത്രിയാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Top