മഴ തോരാതെ പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 39 ഡാമുകളില്‍ 33 ഡാമുകളാണ് തുറന്നിരിക്കുന്നത്. ഇതാദ്യമായാണ് 33 ഡാമുകള്‍ ഒരേ സമയം തുറന്ന് ഇത്രയേറെ വെള്ളം ഒഴുക്കുന്നത്. ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി ഡാമില്‍നിന്ന് പറന്തള്ളുന്ന വെള്ളത്തിന്റെ അളവ് ഇന്നലത്തേതില്‍നിന്ന് ഇരട്ടിയാക്കി. 10ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണി ഡാമില്‍നിന്ന് ഒരു സെക്കന്റില്‍ ഇപ്പോള്‍ പുറത്തുവിടുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുന്നതിനാലും നീരൊഴുക്ക് കൂടുന്നതിനാലും ഈ അളവ് 15 ലക്ഷം ലിറ്ററാക്കി ഉയര്‍ത്തുന്ന കാര്യം കെഎസ്ഇബി ആലോചിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ കൂടി തുറക്കേണ്ടിവന്നതാണ് ഇടുക്കിയിലേക്കുള്ള വെള്ളം കൂടിയത്.
സംസ്ഥാനത്തെ 12 ജില്ലകളെയും പ്രളയം ബാധിച്ചിട്ടുണ്ട്. ഇതില്‍ 10 ജില്ലകളിലും സ്ഥിതി അതിഭീകരമാണ്. രക്ഷാപ്രവര്‍ത്തനം പോലും ദുഷ്‌കരമാകുന്ന രീതിയിലാണ് വെള്ളം ഒഴുകിയെത്തുന്നത്. സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്ന അടിയന്തര സന്ദേശം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവര്‍ത്തിച്ച് നല്‍കുന്നുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമിലെ ജല നിരപ്പ് രാവിലെ ഒമ്പത് മണിക്ക് 141.3 അടിയായി ഉയര്‍ന്നു. 142 അടിവരെ ഉയര്‍ത്താന്‍ മാത്രമേ നിലവില്‍ അനുമതിയുള്ളൂ. വെള്ളം ക്രമാതീതമായി കൂടന്ന സാഹചര്യത്തിലാണ് സ്പില്‍വെ ഷട്ടറുകള്‍ തുറന്ന് ഇടുക്കി ഡാമിലേക്ക് ഒഴുക്കി വിടാന്‍ തുടങ്ങിയത്. മുല്ലപ്പെരിയാര്‍ സ്പില്‍വെയുടെ 13 ഷട്ടറുകല്‍ ഒരടി വീതമാണ് ഉയര്‍ത്തിയത്. വണ്ടിപ്പെരിയാര്‍ ചപ്പാത്തിന് സമീപം ഇതോടെ വെള്ളം കുത്തിയൊവുകി.
ഇടുക്കിയില്‍ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറും തുറന്നു. ഇവിടെ നിന്ന് പുറത്തേക്കുവിടന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 10 ലക്ഷം ലിറ്ററാക്കി ഉയര്‍ത്തി. ഷട്ടറുകളുടെ ഉയരം കൂട്ടിയാണ് ജലമൊഴുക്കും കൂട്ടിയത്. ഇത് 15 ലക്ഷം ലിറ്റര്‍ എന്ന തോതിലേക്ക് മാറ്റേണ്ടിവരുമെന്ന മുന്നറിയപ്പാണ് നല്‍കിയിട്ടുണ്ട്. ഈ അളവ് കൂട്ടുന്നതിന് മുമ്പേ തന്നെ പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റര്‍ ഉയര്‍ന്നിരുന്നു.
പത്തനംതിട്ടയില്‍ പമ്പയാറിലെ വെള്ള അസാധാരണമായ രീതിയില്‍ ഉയരുകയാണ്. ശബരിമല ഒറ്റപ്പെട്ടു. റാന്നി മേഖലയില്‍ കനത്ത് വെള്ളപ്പൊക്കമാണ്. അവുതമുന്നി, ആറാട്ടുകയം, കണമല, ഇടകടത്തി, കുരുമ്പന്‍മുഴി പ്രദേശങ്ങള്‍ വെള്ളത്തിലാണ്. ഈ ഭാഗങ്ങളില്‍ പാലങ്ങളും വെള്ളത്തില്‍മുങ്ങി ഗതാഗതം പൂര്‍ണമായും നിലച്ചു. കോഴഞ്ചേരി, ചന്തകടവ്, ആറന്മുള സത്രക്കടവ്, ഐക്കരമുക്ക് ഭാഗങ്ങളില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നു. ഈ ഭാഗങ്ങളില്‍ ഗതാഗതവും ടെലഫോണ്‍ സംവിധാനവും നിലച്ചതിനാല്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ യഥാര്‍ഥ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.