
തൊടുപുഴ :bഇടുക്കി ഡാമിന്റെ ഷട്ടറിലേയ്ക്ക് വൻ അപായ സൂചന നൽകി മരം ഒഴുകിയെത്തി. കൃത്യ സമയത്ത് കെ.എസ്.ഇ.ബി അധികൃതർ മരം കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഇടുക്കി അണക്കെട്ടിൽ ചെറുതോണി ഷട്ടറിനു സമീപത്തേക്ക് ശനിയാഴ്ച രാത്രിയാണ് വൻ മരം ഒഴുകി എത്തിയത്. അതിവേഗത്തില്‍ കെഎസ്‌ഇബി ഇടപെട്ട് ഷട്ടര്‍ അടച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കെഎസ്‌ഇബിക്ക് ഉണ്ടാകേണ്ടിയിരുന്ന നഷ്ടവും ഇതിനു വഴി ഒഴിവാക്കാനായി.
ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. അണക്കെട്ടിന്‍റെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിലൊരാള്‍ വെള്ളത്തിലൂടെ എന്തോ ഒഴുകി വരുന്നത് കണ്ടു. ആന നീന്തുന്നതാണെന്നാണ് ആദ്യം കരുതിയത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ വലിയ മരമാണെന്ന് മനസ്സിലായി. ഉടന്‍ തന്നെ അണക്കെട്ടിലുണ്ടായിരുന്ന കെഎസ്‌ഇബി അസ്സിസ്റ്റന്‍റ് എന്‍ജിനീയര്‍ എം പി സാജുവിനെ അറിയിച്ചു. ഷട്ടര്‍ തുറന്നിരിക്കുന്നതിനാല്‍ ഇതിനിടയില്‍ മരം കുടങ്ങാനുള്ള സാധ്യത ഏറെയായിരുന്നു.
അതിനാല്‍ ഇദ്ദേഹം വേഗം ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയറെ വിളിച്ചു. ഉടന്‍ ഷട്ടറടയ്ക്കാന്‍ ചീഫ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ഇല്ലാതെ അടക്കാനാകില്ല. തുടര്‍ന്ന് ചെയര്‍മാന്‍ ഉള്‍പ്പെടെ ഇടപെട്ട് കളക്ടറെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി അരമണിക്കൂറിനുള്ളില്‍ ഷട്ടറടച്ചു. ഈ സമയം മരം ഏതാണ്ട് ഷട്ടറിനടുത്ത് വരെ എത്തിയിരുന്നു. തുടര്‍ന്ന് അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ച് കരക്കടുപ്പിച്ചു. മരത്തിന്റെ വേര് ഭാഗത്തിന് 1.5 മീറ്ററോളം വീതിയുണ്ട്.
തടിക്ക് എട്ടടിയിലധികം നീളവുമുണ്ട്. ഈ മരം കുടുങ്ങിയിരുന്നെങ്കില്‍ ഷട്ടര്‍ പിന്നീട് 4 മീറ്ററോളം ഉയര്‍ത്തേണ്ടി വന്നേനെ. മരം ഷട്ടറില്‍ ഉടക്കിയാല്‍ ജലനിരപ്പ് 2373 ന് താഴെ എത്തിച്ചാലേ പുറത്തെടുക്കാന്‍ കഴിയൂ. ഇത് വന്‍ നഷ്ടത്തിനും പ്രളയത്തിനും കാരണമായേനെ. മഹാപ്രളയ കാലത്ത് പെരിങ്ങല്‍ കുത്ത് അണക്കെട്ടില്‍ ഇത്തരത്തില്‍ മരങ്ങള്‍ ഷട്ടറില്‍ കുടുങ്ങിയിരുന്നു. അണക്കെട്ടിലെ വെള്ളം മുഴുവന്‍ വറ്റിച്ചാണ് അന്ന് പുറത്തെടുത്തത്.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇടുക്കിയില്‍ ഷട്ടര്‍ തുറന്നാല്‍ എല്ലാ സ്ഥലത്തും മുഴുവന്‍ സമയവും പരിശോധനയും നിരീക്ഷണവും ഉണ്ട്. ഇതാണ് വിവരം നേരത്തെ അറിയാനും വേഗത്തില്‍ ഷട്ടര്‍ അടക്കാനും അപകടമൊഴിവാക്കാനും സഹായിച്ചത്.അതേ സമയം മഴ ശമിച്ചതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി . നീരൊഴുക്കിന്‍റെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്. ഇന്നലെ രാവിലെ മുതല്‍ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയാണ്.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.08 അടിയാണ്. പുതിയ റൂള്‍ കര്‍വ് നിലവില്‍ വന്നതോടെ പരമാവധി സംഭരണ ശേഷിയായ 2403 അടിവരെ വെള്ളം സംഭരിക്കാം.
141 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇവിടെയും ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. സ്പില്‍വേയിലെ ഒരു ഷട്ടര്‍ ഇപ്പോഴും പത്ത് സെന്‍റീമീറ്റര്‍ തുറന്നിട്ടുണ്ട്. ഇതുവഴി സെക്കന്‍റില്‍ 130 ഘനടയിയോളം വെള്ളം മാത്രമാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്.