കൊച്ചി:ഇടുക്കി ഡാമിന് ചലന വ്യതിയാന തകരാറെന്ന് കണ്ടെത്തല്‍. അണക്കെട്ട് പൂര്‍ണ്ണ സംഭരണശേഷിയെത്തുമ്പോള്‍ നേരിയ വികാസം സംഭവിക്കുകയും ജലനിരപ്പ് താഴുന്നവിധം പൂര്‍വ്വ സ്ഥിതിയിലെത്താറുമുണ്ട്. എന്നാല്‍ പൂര്‍വ്വ സ്ഥിതിയിലെത്തുന്നഈ പ്രക്രിയയ്ക്കാണ് സ്വാഭാവിക പ്രതികരണമുണ്ടാകാത്തത്. ഇടുക്കി ഡാം പൂര്‍ണ സംഭരണശേഷിയിലെത്തുമ്പോള്‍ 20 മുതല്‍ 40 മി.മീറ്റര്‍വരെ ചലനവ്യതിയാനം സംഭവിക്കണമെന്നാണ് ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണ തത്വം. എന്നാല്‍ , ‘അപ്‌സ്ട്രീമില്‍’ മാത്രം ഈ വ്യതിയാനമുണ്ടാകുകയും ‘ഡൗണ്‍ സ്ട്രീമില്‍’ ഇതുണ്ടാകുന്നില്ലെന്നുമാണ് കണ്ടെത്തല്‍. 1994-95 കാലഘട്ടംവരെ ചലന വ്യതിയാനം കൃത്യമായിരുന്നു.മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രൂപകല്‍പന നിഷ്‌കര്‍ഷിക്കുന്ന അനുപാതത്തില്‍ ചലനവ്യതിയാനം സംഭവിക്കാത്തത് ഗുരുതരപ്രശ്‌നമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡാമിന്റെ ചലനവ്യതിയാന തകരാര്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന. വ്യതിയാന തകരാറില്‍ കൂടുതല്‍ വ്യക്തതയ്ക്ക് ഇക്കാര്യം കൂടുതല്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നാണ് കരുതുന്നത്.
ഇടുക്കി ഡാം സുരക്ഷിതമാണെന്നു പറയുമ്പോള്‍ തന്നെ ലോകത്ത് പലയിടത്തും ഡാമുകള്‍ തകരുന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളും ഡാമുകള്‍ ഡികമ്മീഷന്‍ ചെയ്യുകയാണ്. ഇടുക്കിയുടെ പല പ്രദേശങ്ങളിലും പ്രളയത്തിനുശേഷം ഭൂമി വിണ്ടുകീറുകയും ചെയ്തിരുന്നു. എന്നിട്ടും ഡാമിന്റെ സുരക്ഷയെപ്പറ്റി കാര്യമായ പരിശോധനകള്‍ നടന്നില്ലെന്നതും ആശങ്കയുണര്‍ത്തുന്നു.
കഴിഞ്ഞദിവസം മ്യാന്മാറിലെ ഒരു ഡാം തകര്‍ന്നിരുന്നു. സെന്‍ട്രല്‍ മ്യാന്‍മറില്‍ അണക്കെട്ടു തകര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ നിരവധി ഗ്രാമങ്ങള്‍ മുങ്ങുകയും കനത്ത നാശനഷ്ടം നേരിടുകയും ചെയ്തു.അന്പതിനായിരത്തോളം പേരെ സുരക്ഷിത മേഖലകളിലേക്ക് ഒഴിപ്പിച്ചുമാറ്റിയെന്ന് അധികൃതര്‍ പറഞ്ഞു. ജീവാപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.യാങ്കോണ്‍, മണ്ഡലയ്, നേ പിഡോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയിലും വെള്ളം കയറി.
ബുധനാഴ്ച പുലര്‍ച്ചെയാണ് സ്വാര്‍ ജലസേചന അണക്കെട്ടിന്റെ സ്പില്‍വേ തകര്‍ന്ന് വെള്ളം കുത്തിയൊഴുകി സമീപത്തെ രണ്ടു ഗ്രാമങ്ങളെ മുക്കിയത്. സ്വാര്‍ പട്ടണത്തിലും വെള്ളം കയറി. യാങ്കോണ്‍-മണ്ഡലയ് ഹൈവേയിലെ സ്വാര്‍ പ്രദേശത്തെ പാലം അധികൃതര്‍ അടച്ചു. മറ്റു നിരവധി ചെറു ഗ്രാമങ്ങളിലും പ്രളയമുണ്ടായി. 8100 ഹെക്ടറിലെ ജലസേചനം ലക്ഷ്യമാക്കി 2004ലാണ് ഈ ഡാം നിര്‍മിച്ചത്.
റിക്ടര്‍ സ്‌കെയിലില്‍ എട്ടില്‍ താഴെയുള്ള ഭൂചലനത്തില്‍ പോലും തകരില്ലെന്ന് വിലയിരുത്തപ്പെട്ടതാണ് ഈ ഡാം. അത്രമാത്രം വലിയ ടെക്‌നോളജിയില്‍ നിര്‍മിച്ച ഡാം പോലും തകര്‍ന്നിരിക്കുന്നു. അപ്പോഴും കേരളത്തിലെ ഡാമുകളുടെ കാര്യത്തില്‍ അധികൃതര്‍ വേണ്ടത്ര സുരക്ഷ പരിശോധനകള്‍ക്ക് തുനിയുന്നില്ലെന്നത് ആശങ്കയുളവാക്കുന്നു.മ്യാന്മാറിലെ ഡാം തകര്‍ന്നതും കേരളത്തിലെ ഡാമുകളുടെ സുരക്ഷയും കൂട്ടിവായിക്കണം