ഇടുക്കിയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.. എങ്ങും കനത്ത ജാഗ്രത !

ഇടുക്കി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 2395 അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്.

ജലനിരപ്പ് ഇനിയും ഉയർന്ന് 2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദ്ദേശം (റെഡ് അലർട്ട്) നൽകും. പെരിയാറിന്റെ തീരത്ത്, അപകടമേഖലയിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നത് ഈ ഘട്ടത്തിലാണ്. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകുക. തുടർന്ന് 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം.ഏത് നിമിഷവും എന്തും സംഭവിക്കാം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ജനങ്ങൾ ഇനി കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനു മുന്നോടിയായി ട്രയൽ റൺ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. നാലു മണിക്കൂർ വരെ ട്രയൽ റൺ നീളും. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തിയാണ് ട്രയൽ റൺ നടത്തുക. ചെറുതോണി അണക്കെട്ടിൽ അഞ്ച് ഷട്ടറുകളാണ് ഉള്ളത്. 40 സെന്റിമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടാൽ ഒരു സെക്കൻഡിൽ അണക്കെട്ടിൽനിന്ന് 1750 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുക.

രാത്രി എട്ട് മണിക്ക് എടുത്ത കണക്കിൽ 2394.96 അടിയായിരുന്നു ജലനിരപ്പ്. രാത്രി ഏഴിന് 2394.92, വൈകീട്ട് ആറിന് 2394.90, അഞ്ചിന് 2394.86 അടി എന്നിങ്ങനെയായിരുന്നു ജലനിരപ്പ്. ഒൻപതു മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയ ഉടനെ കെഎസ്ഇബി അതിജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിക്കുകയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇപ്പോഴും മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.അടിയന്തര സാഹചര്യം പരിഗണിച്ച് ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘത്തെ ആലുവയിൽ വിന്യസിച്ചിട്ടുണ്ട്. ഒരു സംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. മറ്റൊരു സംഘം തൃശൂരിൽ തയാറാണ്. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സർക്കാർ തേടി. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവർത്തനത്തിനു തയാറാണ്. എറണാകുളം ജില്ലയിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ തീരസേനയുടെ ബോട്ടുകളും തയാറായിട്ടുണ്ട്.

Top