വിദേശത്തു നഴ്‌സിംഗ് ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷമുള്ള വാര്‍ത്ത. ഐ ഇ എല്‍ ടി എസ് സ്‌കോര്‍ കുറയ്ക്കുന്നതിന് നഴ്സിങ് ആന്‍ഡ് മിഡൈ്വഫറി കൌണ്‍സില്‍ (എന്‍.എം.സി) തീരുമാനിച്ചു . ഇനി മുതല്‍ രജിസ്ട്രേഷന്‍ യോഗ്യത നേടാന്‍ റൈറ്റിങ് വിഭാഗത്തിലെ സ്‌കോര്‍ 6.5 മതി. മറ്റ് വിഭാഗങ്ങളായ സ്പീക്കിങ്, ലിസണിങ്, റീഡിങ് തുടങ്ങിയവയില്‍ നിലവിലെ സ്‌കോര്‍ ആയ 7 തന്നെ വേണം.
അടുത്ത ആഴ്ച നടക്കുന്ന നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ മീറ്റിംഗില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സ്‌കോറില്‍ ഇളവ് വരുന്നതോടെ കൂടുതല്‍ നഴ്‌സുമാരെ യു.കെ.യില്‍ എത്തിക്കാമെന്നാണ് എന്‍.എം.സി പ്രതീക്ഷിക്കുന്നത്. നിലവില്‍ ഉള്ളതു പോലെതന്നെ റൈറ്റിംഗ് ഒഴികെയുള്ള മൊഡ്യൂളുകള്‍ക്ക് മിനിമം ഏഴും ഓവറാള്‍ സ്‌കോര്‍ ഏഴും ആയിരിക്കുകയും ചെയ്യുന്നവര്‍ക്കാണ് പുതിയ ആനുകൂല്യം ലഭിക്കുക.
എന്നാല്‍ ഐ.ഇ.എല്‍.ടി.എസ് ജയിച്ചാല്‍ മാത്രം ബ്രിട്ടനില്‍ നഴ്‌സായി ജോലി ലഭിക്കില്ല. എന്‍.എം.സി രജിസ്‌ട്രേഷന്‍ നടത്താന്‍ വേണ്ട മിനിമം യോഗ്യതയാണ് ഐ.ഇ.എല്‍.ടി.എസ്. ഇതിനു ശേഷം നാട്ടില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ ജയിക്കണം. തുടര്‍ന്ന് യു.കെ.യിലെത്തി അവിടെ നടത്തുന്ന പ്രാക്ടിക്കല്‍ ടെസ്റ്രില്‍ ജയിച്ചാല്‍ മാത്രമേ പിന്‍ നമ്പര്‍ ലഭിച്ച് രജിസ്റ്റേര്‍ഡ് നഴ്‌സായി ജോലി ചെയ്യാന്‍ സാധിക്കൂ.
ബ്രിട്ടനില്‍ പോകാന്‍ ഐ.ഇ.എല്‍.ടി.എസിന് 6.5 സ്‌കോര്‍ മാത്രം മതി എന്ന പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പേപ്പര്‍ വര്‍ക്കുകള്‍ക്കോ യു.കെയിലേക്ക് വരുന്നതിനോ നാട്ടിലെ ഏജന്‍സികള്‍ക്ക് പണം നല്‍കേണ്ടതില്ല. സൗജന്യമായാണ് മിക്കവാറും എല്ലാ ഏജന്‍സികളും ഇത് ചെയ്യുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്കും സൗജന്യ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്.