മക്കളേ ഞാൻ മരിച്ചു പോകുമോ?? നാലും ആറും മണിക്കൂർ പി പി ഇ കിറ്റിനുള്ളിലുള്ള ഞങ്ങൾ എല്ലാ വേദനകളും സഹിച്ച് പറയും ധൈര്യമായിട്ടിരിക്ക്..ഇതാ ദൈവത്തിന്റെ മാലാഖമാർ

മക്കളേ ഞാൻ മരിച്ചു പോകുമോ??അപ്പോഴും പി പി ഇ കിറ്റിനുള്ളിൽ ശ്വാസം വിടാൻ പറ്റാതെ നിൽക്കുന്ന ഞങ്ങൾ പറയും ധൈര്യമായിട്ടിരിക്ക് അമ്മാവാ ഒന്നും സംഭവിക്കില്ല ഞങ്ങളൊക്കെ ഇവിടെ ഇല്ലേ..അങ്ങനെ കൊറോണ വൈറസുമായുള്ള യുദ്ധത്തിന്റെ രണ്ടാം ഘട്ട ഡ്യൂട്ടി കഴിഞ്ഞു. ഇനി പതിനാല് ദിവസം കോറന്റൈൻ. ഇത്തവണ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ ഐസൊലേഷൻ ഐ സി യുവിൽ ആയിരുന്നു ഡ്യൂട്ടി..കോവിഡ് 19 രോഗം സ്ഥിതീകരിച്ച രോഗികളെ പരിചരിക്കുന്നതിനെക്കാളും ബുദ്ധിമുട്ടാണ് രോഗ ലക്ഷണങ്ങളുള്ള, റിസൾട്ട് കാത്ത് ഐസൊലേഷനിൽ കഴിയുന്നവരെ പരിചരിക്കാൻ.. കാരണം അവർ മാനസികമായ് നല്ല പിരിമുറക്കത്തിലായിരിക്കും.. ഒരുപാട് ആശങ്കകളും, പരിഭവങ്ങളും, സംശയങ്ങളുമാണ് ഇവർക്ക്..

മിക്കവരുടെയും സംശയം ഇതാണ് മക്കളെ ഞാൻ മരിച്ചു പോകുമോ?? മരിച്ചു കഴിഞ്ഞാൽ എന്റെ മൃതദേഹം വീട്ടുകാരെ കാണിക്കില്ലേ?? ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ലേ???എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ കുടുംബം, മക്കൾ.. അങ്ങനെ ഒരുപാട് വിഷമങ്ങൾ. അപ്പോൾ അവരോട് ഞങ്ങൾ പറയും ധൈര്യമായിട്ട് ഇരിക്ക് അമ്മാവാ ഒന്നും സംഭവിക്കില്ല ഞങ്ങളൊക്കെ ഇവിടെ ഇല്ലേന്ന്..ശരിക്കും രോഗികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അവരെ പരിചരിക്കുന്ന ഞങ്ങളുടെ വേഷം കാണുമ്പോഴേ ബോധമുള്ളവർക്ക് അവരുടെ അവശേഷിക്കുന്ന ബോധവും നഷ്ടപ്പെടും. ഉറക്കത്തിൽ ഇടക്ക് കണ്ണ് തുറന്ന് നോക്കുന്ന രോഗികൾ കരുതും അവരെ പരലോകത്തേക്ക് കൊണ്ട് പോകാൻ നിൽക്കുന്ന കാലന്റെ അനുയായികളാണ് ഞങ്ങളെന്ന്.. ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങൾക്ക് തമാശയായ് തോന്നാം…


പക്ഷേ അ വേഷത്തിനുള്ളിൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഞങ്ങൾ രോഗീ പരിചരണം നടത്തുന്നതെന്ന് അറിയാമോ??? അത് എടുത്ത് ശരീരത്തിൽ ഇടുബോഴെ തുടങ്ങും ചൂട്, എ സി യിൽ നിന്നാൽ പോലും ശരീരം വിയർത്ത് കൊണ്ടിരിക്കും, കണ്ണിൽ കൂടി വിയർപ്പ് ഒലിച്ചു ഇറങ്ങുന്നത് കാരണം ചുറ്റുമുള്ള ഒന്നും കാണാൻ പോലും സാധിക്കില്ല, എല്ലാത്തിലുമുപരി N95 മാസ്ക് കെട്ടി മൂക്കിന്റെ ഭാഗത്തെയും രണ്ട് ചെവിയുടെയും തൊലി അടർന്ന് പോകും. അ ഭാഗത്ത് വിയർപ്പ് വീഴുബോഴുള്ള വേദന പറഞ്ഞറിയിക്കാൻ കഴിയില്ല.. എന്നെ പോലെ തടിയും, പൊക്കവുമുള്ളവരാണെങ്കിൽ ശരിക്കും പെട്ട് പോകും.. സൈസിനൊത്ത പി പി ഇ കിറ്റ് കാണില്ല. അതു കാരണം നല്ല ശരീര വേദന ആയിരിക്കും. അങ്ങനെ നാലും, ആറും മണിക്കൂറുകളോളം ആ വേഷവുമിട്ട് എല്ലാ വേദനകളും ബുദ്ധിമുട്ടുകളും സഹിച്ച് ചെറു പുഞ്ചിരിയോടെ രോഗികൾക്ക് പരിചരണവും, ധൈര്യവും, ആശങ്കകളും അകറ്റുന്നവരാണ് ലോകത്തിലെ മുഴുവൻ നഴ്സുമാരും..

ഇത് ഒരു കൂട്ടായ പ്രവർത്തനത്തിന്റെ നാളുകളാണ്.. ഒരു പാട് പേർ കോവിഡ് 19 പ്രധിരോധ പ്രവർത്തനങ്ങളിൽ സജീവമായ് പ്രവർത്തിക്കുന്നു.. എല്ലാവിധ പിന്തുണയും തന്ന് ഞങ്ങൾക്കൊപ്പം നിൽക്കുന്ന ഹെഡ് നഴ്സുമാർ, നഴ്സിംങ്ങ് സൂപ്രണ്ട്മാർ, ഇൻഫക്ഷൻ കൺട്രോൾ വിഭാഗം ഇവരുടെയൊക്കെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്..
ഈ അവസരത്തിൽ എടുത്ത് പറയാതിരിക്കാൻ പറ്റില്ല തിരുവനന്തപുരം മെഡിക്കൽ കോളേജ് മേധാവികളെ. എന്തൊരു കരുതലും സംരക്ഷണവുമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകുന്നത്.. ഞാൻ ഉറപ്പിച്ച് പറയുന്നു കോവിഡ് 19 രോഗീ പരിചരണത്തിൽ ലോകത്തിലെ പ്രമുഖ ആശുപത്രികൾക്കൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജും ഉണ്ടാകുമെന്ന്..
ഇനി പതിനാല് ദിവസം കഴിഞ്ഞ് വീണ്ടും ഞങ്ങളെത്തും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ രോഗീ പരിചരണം നടത്താൻ..
..ഭയമല്ല ജാഗ്രതയാണ് വേണ്ടത്..
..അതിജീവിക്കും നമ്മൾ ഒറ്റക്കെട്ടായ്..

Top