കൊച്ചി:കോവളത്തു കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ പേരിൽ സാമൂഹ്യപ്രവർത്തക അശ്വതി ജ്വാല പണപ്പിരിവു നടത്തിയെന്ന ആരോപണത്തിൽ മറുപടിയുമായി ലിഗയുടെ സഹോദരി ഇലീസ്. പണപ്പിരിവു നടത്തിയെന്ന ആരോപണം തെറ്റാണ്. അശ്വതിക്കെതിരായ പരാതി ശരിയല്ല. കേസുമായി ബന്ധപ്പെട്ടുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ഇലീസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ലിഗയുടെ തിരോധാനത്തിൽ അവരുടെ ബന്ധുക്കൾക്ക് സഹായവുമായി രംഗത്തെത്തിയ സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരെയാണ് പണപ്പിരിവ് നടത്തിയെന്ന ആരോപണമുയർന്നിരിക്കുന്നത്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അശ്വതി ജ്വാല 3,80,000 രൂപ പിരിച്ചെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അവരുടെ ബന്ധുക്കൾക്കൊപ്പം അശ്വതി ജ്വാലയും തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇതിനു ശേഷം അശ്വതി ജ്വാല 3,80,000 രൂപ കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന പരാതി ഡിജിപി ഓഫീസിൽ ലഭിച്ചതായി മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെനിന്ന് പരാതി പ്രാഥമിക പരിശോധനയ്ക്കായി ഉടൻതന്നെ ഐജി ഓഫീസിലേക്ക് കൈമാറും. ഐജി ഓഫീസിൽ നിന്നാകും പരാതിയിൽ കൂടുതൽ നടപടികൾ സ്വീകരിക്കുക. അതേസമയം, അശ്വതി ജ്വാലയ്ക്കെതിരെ പരാതി നൽകിയ ആളുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ വ്യക്തമല്ല. ലിഗയുടെ ബന്ധുക്കൾക്കൊപ്പം വാർത്താസമ്മേളനം നടത്തിയതിന് ശേഷം 3,80,000 രൂപ പിരിച്ചെന്നാണ് അശ്വതി ജ്വാലക്കെതിരായ പരാതി.
മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എതിരെ അശ്വതി ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അശ്വതിക്കെതിരെ തിരുവനന്തപുരം സ്വദേശി പരാതി നൽകിയത്.
സ്പെഷൽ ബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടു നോട്ടിസ് ഒന്നും ലഭിച്ചിട്ടില്ലെന്നും അശ്വതി പറഞ്ഞു. ഇലീസിനും ലിഗയുടെ ഭർത്താവ് ആൻഡ്രൂസിനുമൊപ്പമുള്ള അന്വേഷണത്തിൽ പലപ്പോഴും സ്വന്തം കയ്യിൽ നിന്നുള്ള പണമെടുത്താണു ചെലവാക്കിയത്. ഇക്കാര്യം എവിടെയും വിളിച്ചു പറയാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ പറഞ്ഞു പോവുകയാണ്. കേസിനെ നിയമപരമായി നേരിടുമെന്നും അശ്വതി പറഞ്ഞു. സമൂഹമാധ്യമങ്ങളിലും ഒട്ടേറെ പേർ അശ്വതിക്കു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.തെരുവിൽ അലഞ്ഞു തിരിയുന്നവർക്കു അശ്വതിയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യാറുണ്ട്. ഇതിനിടെ എവിടെയെങ്കിലും അലഞ്ഞു തിരിയുന്ന നിലയിൽ ലിഗയെ കണ്ടിരുന്നോ എന്നറിയാനാണ് ആൻഡ്രൂസ് സമീപിച്ചത്. ആൻഡ്രൂസിന്റെയും ഇലീസിന്റെയും ഹൃദയവേദനയിൽ പങ്കു ചേർന്നാണു അവർക്കൊപ്പം തിരച്ചിലിനിറങ്ങിയത്. അടിമലത്തുറ, ആര്യമല ഭാഗത്തെ പാറക്കെട്ടുകളിൽ വരെ പരിശോധിക്കാൻ പോയി.
പലപ്പോഴും രാത്രി പന്ത്രണ്ടു മണിക്കൊക്കെയാണു സ്വന്തം വീട്ടിലെത്തിയിരുന്നത്. കാറിന്റെ പെട്രോളും ഭക്ഷണം പോലും തങ്ങളുടെ പോക്കറ്റിൽ നിന്നാണു ചെലവാക്കിയത്. അതു പുറത്തു പോലും പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാലും പറയേണ്ടി വരികയാണ്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയാൻ ആൻഡ്രൂസ് അതിനു പോലും തയാറായിരുന്നില്ല. ലിഗ എവിടെയോ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയാണ് നമുക്കു തിരച്ചിൽ തുടരാമെന്നാണ് എല്ലായിപ്പോഴും പറഞ്ഞു കൊണ്ടിരുന്നതെന്നും അശ്വതി വ്യക്തമാക്കി
പരാതി ലഭിച്ചിട്ടുണ്ടെന്നും സ്പെഷൽ ബ്രാഞ്ച് ഓഫിസിലേക്കു വരണമെന്നുമാവശ്യപ്പെട്ട് പൊലീസ് ഫോണിൽ വിളിച്ചിരുന്നു. ബുദ്ധിയേക്കാളും ഹൃദയം കൊണ്ടു പ്രവർത്തിക്കുന്ന വ്യക്തിയാണു ഞാൻ. നന്മയുള്ള ഒരു രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായാണ് ഇലീസിനും ആൻഡ്രൂസിനുമൊപ്പം ചേർന്നത്. ഇത്രയേറെ വർഷമായി, ഇതാദ്യമായാണ് ഒരു ആരോപണമുണ്ടാകുന്നത്. ഏറെ വേദനയുണ്ടാക്കുന്നതാണിത്.
ഒരു ജീവൻ നഷ്ടപ്പെടാതിരിക്കാനാണു പ്രവർത്തിച്ചത്. ഇങ്ങനെയൊക്കെയാണെങ്കിൽ നാളെ ഒരു സ്ത്രീയെ ഇതുപോലെ ഒറ്റപ്പെട്ടു കാണാതായാൽ ആരും അന്വേഷണത്തിന് ഇറങ്ങുമെന്നു തോന്നുന്നില്ല. ഇനി ആരെയും സഹായിക്കേണ്ടെന്നാണോ? ഇവിടെ സാമൂഹ്യ പ്രവർത്തനം നടത്തേണ്ടെന്നാണോ? വീണ്ടും വീണ്ടും തെരുവുകളിൽ ആൾക്കാർ ഉണ്ടാകട്ടെ, കൊലപാതകങ്ങളുണ്ടാകട്ടെ എന്നാണ് ഓരോരുത്തരുടെയും ആഗ്രഹമെന്നു തോന്നുന്നു. ഇലീസ് കേസിനോടൊപ്പം നിൽക്കുന്ന കാലത്തോളം അവർക്കൊപ്പം നിലയുറപ്പിക്കും. പരാതിയെ നിയമപരമായിത്തന്നെ നേരിടും’– അശ്വതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലിഗയുടേത് ആരെയും വിശ്വസിക്കുന്ന സ്വഭാവം, അതു മുതലെടുത്തിരിക്കാം: ഇലീസ്
തിരുവനന്തപുരം∙ വിദേശ വനിത ലിഗയുടെ മരണത്തിനു പിന്നില്‍ ലഹരി സംഘങ്ങളെന്ന സൂചന നല്‍കി സഹോദരി ഇലീസ്. കോവളത്തെത്തിയ ലിഗയെ ലഹരി ഉപയോഗിക്കുന്നയാള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്ന് ഇലീസ് പറഞ്ഞു. സൗഹൃദത്തോടെ സമീപിച്ചാല്‍ ആരെയും എളുപ്പത്തില്‍ വിശ്വസിക്കുന്നതാണു ലിഗയുടെ സ്വഭാവം. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ലിഗ വാങ്ങിയതല്ലെന്നും ഇലീസ് ‘മനോരമ ന്യൂസി’നോട് പറഞ്ഞു.ചികിത്സയിലിരുന്ന ആയുര്‍വേദ കേന്ദ്രത്തില്‍നിന്നു ലിഗ ആത്മഹത്യ ചെയ്യാനായി ഒളിച്ചോടിയെന്ന പൊലീസ് വാദത്തെയും ഇലീസ് പൂര്‍ണമായും തള്ളുന്നു. കടല്‍ കാണണമെന്ന ആഗ്രഹത്താലാണു ലിഗ പോത്തന്‍കോട് നിന്നിറങ്ങിയത്. തിരികെയെത്തി യോഗ സെഷനില്‍ പങ്കെടുക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്നും ഇലീസ് പറയുന്നു.
ലിഗ ലഹരി മരുന്ന് ഉപയോഗിക്കാറില്ല. എന്നാല്‍ സൗഹൃദത്തോടെ സമീപിക്കുന്നവരെ വേഗത്തില്‍ വിശ്വസിക്കുന്നയാളായിരുന്നു. ആ സ്വഭാവം ആരെങ്കിലും മുതലെടുത്തിരിക്കാമെന്നു കരുതുന്നു. വസ്ത്രങ്ങള്‍ വാങ്ങുന്നതില്‍ ലിഗയ്ക്ക് അല്‍പം പോലും തല്‍പര്യമില്ലായിരുന്നുവെന്നും ഇലീസ് കൂട്ടിച്ചേർത്തു. ആത്മഹത്യയെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയാല്‍ പോലും തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ഇലീസ്.