പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ 27 വർഷത്തെ കഠിനതടവിന് ശിക്ഷിച്ച് കുന്നംകുളം അതിവേഗ സ്പെഷ്യൽ പോക്‌സോ കോടതി. 2.10 ലക്ഷം രൂപ പിഴയും ഇയാൾക്ക് വിധിച്ചു.
ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടിൽ ജലീലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
ഇരയെ വിവാഹം കഴിച്ചതിനാൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി. 2014 ഏപ്രിലിൽ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗർഭിണിയായതോടെ ഇയാൾ വാക്കുമാറി.
ഗർഭച്ഛിദ്രം നടത്തിയാൽ വിവാഹം കഴിക്കാമെന്ന് പിന്നീട് വിശ്വസിപ്പിച്ചു. ഗർഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാൻ പ്രതി തയ്യാറായില്ല. ഇതോടെയാണ് പോലീസിൽ പരാതിയെത്തിയത്.
അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കൾ ഇടപെട്ട് വിവാഹം നടത്തി നൽകുമെന്ന് കരാർ വ്യവസ്ഥയുണ്ടാക്കി.
ജാമ്യം ലഭിച്ചപ്പോൾ ഇരയെ പള്ളിയിൽ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കി. എന്നാൽ രണ്ടുദിവസത്തിന് ശേഷം പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയി. 2020-ലാണ് ഇയാൾ തിരിച്ചെത്തിയത്.
ചാവക്കാട് ഇൻസ്പെക്ടറായിരുന്ന കെ.ജി. സുരേഷ്, സിബിച്ചൻ തോമസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.