ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടുകയാണ്. യു.എന്‍. സെക്രട്ടറി ജനറല്‍ കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെ വിഷയത്തിൽ പാകിസ്താന്‍ അന്താരാഷ്ട്ര സമിതികളിൽ ഒറ്റപ്പെടുകയാണ്. ഈ അവസരത്തിൽ മുസഫറബാദിൽ നടത്തുന്ന റാലിയും ജനപങ്കാളിത്തമില്ലാത്തതാകും എന്നാണ് റിപ്പോർട്ട്.
യു.എന്നില്‍ നിന്നടക്കം തിരിച്ചടി നേരിട്ടിട്ടും പാക് അധീന കശ്മീരില്‍ ഇമ്രാന്‍ ഖാന്‍ വന്‍ പ്രതിഷേധ സമ്മേളനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധലഭിക്കാന്‍ വേണ്ടിയാണ് പാക് പ്രധാനമന്ത്രി മുസാഫറബാദില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പാക് അധീന കശ്മീരില്‍ പാകിസ്താന്‍ സൈന്യത്തിനെതിരെ പ്രതിഷേധം വ്യാപകമാണെന്നും കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് അവിടെനിന്നുപോലും പിന്തുണ ലഭിക്കുന്നില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് (സെപ്. 13) മുസാഫറാബാദില്‍ വലിയ റാലി സംഘടിപ്പിക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യന്‍ സേനകള്‍ കശ്മീരില്‍ തുടരുന്ന ചൂഷണത്തെക്കുറിച്ച് ലോകത്തെ അറിയിക്കാനും പാകിസ്താന്‍ കശ്മീരികള്‍ക്കൊപ്പമാണെന്ന് കാണിക്കാനുമാണ് ഈ റാലിയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ പാകിസ്താന്‍ സൈന്യത്തിനെതിരെ പാക് അധീന കശ്മീരില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന പാക് സൈന്യത്തിന്റെ നടപടികള്‍ക്കെതിരെയാണ് ജനരോഷമുയര്‍ന്നത്.
ഓഗസ്റ്റ് 30-ന് കശ്മീരികള്‍ക്ക് പിന്തുണയെന്ന പേരില്‍ പാകിസ്താനില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ ജനപങ്കാളിത്തം കുറഞ്ഞതും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളെ അടക്കം പ്രതിഷേധപ്രകടനത്തില്‍ പങ്കെടുപ്പിക്കാന്‍ പാക് അധികൃതര്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ലെന്നും ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയെന്നുമാണ് വിവരം.