കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. 105 ദിവസത്തെ വിസ്താരത്തിന് ഒടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് ഡോ. ഫ്രാങ്കോ മുളയ്ക്കൽ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സഹോദരൻമാർക്കൊപ്പം വിധി കേൾക്കാനായി കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു. വിധിയുമായി ബന്ധപ്പെട്ട് കോടതി വളപ്പിലും കന്യാസ്ത്രീകൾ കഴിയുന്ന കുറവിലങ്ങാട് മഠത്തിലും പോലീസ് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള സമരങ്ങളും പ്രതിഷേധങ്ങളും വിഫലമായ വിധിയാണ് കേസിൽ ഉണ്ടായിരിക്കുന്നത്.