മുത്തൂറ്റിന് പൂട്ടുവീഴുമോ? രാജ്യത്തെ നടുക്കുന്ന സാമ്പത്തിക കൊള്ള; മുത്തൂറ്റ് 100കോടിയുടെ വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചു

Muthoot-logo

തിരുവനന്തപുരം: മുത്തൂറ്റ് ഗ്രൂപ്പിന് പൂട്ടു വീഴുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മുത്തൂറ്റ് ഗ്രൂപ്പിന്റെ 60 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 100കോടിയുടെ വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് പറയുന്നത്. ഒരു ഓഫീസില്‍നിന്ന് കണക്കില്‍പെടാത്ത 25കിലോ സ്വര്‍ണ്ണവും 2കോടി രൂപയും പിടിച്ചെടുത്തെന്നും സൂചനയുണ്ട്.

രാജ്യത്തെ തന്നെ നടുക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഈ സ്ഥാപനങ്ങളില്‍ നടന്നിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജോര്‍ജ് , പാപ്പച്ചന്‍, റോയ് എന്നിവരുടെ സ്ഥാപനങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. 500 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡുകളിലും തുടര്‍പരിശോധനകളിലും പങ്കെടുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വന്‍ കുംഭകോണമാണ് മുത്തൂറ്റ് ഗ്രൂപ്പുകള്‍ നടത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. റോയിയുടെ ഉടമസ്ഥതയിലുള്ള മിനി മുത്തൂറ്റിന്റെ കോഴഞ്ചേരി ശാഖയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 26 കിലോ സ്വര്‍ണ്ണവും 2 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. ജോര്‍ജിന്റെയും പാപ്പച്ചന്റെയും ഗ്രൂപ്പുകളില്‍ റിസര്‍വ് ബാങ്ക് നിയമങ്ങളുടെ നഗ്നമായ ലംഘനവും വിദേശ നാണ്യ ചട്ട ലംഘനവും കണ്ടെത്തിയെന്നും അറിയുന്നു. 100 കണക്കിന് കോടിരൂപയുടെ ക്രമക്കേടുകള്‍ ഈ രണ്ടു സ്ഥാപനങ്ങളിലും നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം.

പണയം വച്ച സ്വര്‍ണം ലേലം ചെയ്തുവില്‍ക്കുന്ന നടപടിക്രമങ്ങളില്‍ വന്‍ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ചട്ടലംഘനം വഴി മുത്തൂറ്റ് സ്ഥാപനങ്ങള്‍ കോടികളുടെ അനധികൃത പണം സമ്പാദിച്ചു. പണയം വച്ച സ്വര്‍ണം ഉടമസ്ഥന്‍ തിരിച്ചെടുത്തില്ലെങ്കില്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് ലേലം ചെയ്തുവില്‍ക്കാം. ഇതിന് പക്ഷെ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട് . ആദ്യം ഉടമസ്ഥനെ അറിയിക്കണം. ലേല വിവരം പത്രത്തില്‍ പരസ്യം ചെയ്യണം. മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ഈ നിയമങ്ങളൊന്നും പാലിക്കാറില്ല. ഉടമസ്ഥന്റെ സാന്നിധ്യത്തില്‍ വേണം ലേലം നടത്താന്‍. ലേലത്തില്‍ ലഭിക്കുന്ന അധിക തുക സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥന് തിരികെ നല്‍കണം. എന്നാല്‍ മുത്തൂറ്റിന്റെ ആളുകള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാറ്. ഇവര്‍ സ്വര്‍ണം കുറഞ്ഞ തുകയ്ക്ക് ലേലം വിളിച്ചെടുക്കും. സ്വര്‍ണം മുത്തൂറ്റിന് സ്വന്തം. ഉടമസ്ഥന് അധിക തുക ലഭിക്കാറുമില്ല.ഈ രീതി വഴി കോടിക്കണക്കിനു രൂപയാണ് അനധികൃതമായി മുത്തൂറ്റ് ഗ്രൂപ്പുകള്‍ സ്വന്തമാക്കിയതെന്നാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.

വിദേശ രാജ്യങ്ങളിലും ചട്ടം ലംഘിച്ച് മുത്തൂറ്റ് ഉടമകള്‍ വന്‍ നിക്ഷേപം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. രാജ്യത്തെ വിദേശ നാണ്യ ചട്ടവും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങളും ലംഘിച്ചാണ് പല നിക്ഷേപങ്ങളും. കുഴല്‍പ്പണം കടത്തിയതായും സൂചനകളുണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമേരിക്കയിലെ കൊസാവ ദ്വീപില്‍ മുത്തൂറ്റ് ജോര്‍ജ് ഒരു റിസോര്‍ട്ട് തുടങ്ങി. മുത്തൂറ്റ് പാപ്പച്ചനാകട്ടെ ഷാര്‍ജയില്‍ ഭൂമി വാങ്ങികൂട്ടി. ഇതിലൊക്കെ വന്‍ ക്രമക്കേട് നടന്നിട്ടുണ്ട്. സാമ്പത്തിക കൈമാറ്റം ദുരൂഹമാണ്.ഫണ്ട് തിരിമറി വ്യാപകമാണെന്നാണ് പ്രാഥമിക സൂചന.

ഇന്ത്യ ബുള്‍സ് എന്ന ധനകാര്യ സ്ഥാപനത്തിലാണ് ഇതിനുമുന്‍പ് രാജ്യത്ത് ഇത്ര വ്യാപകമായ ആദായനികുതി വകുപ്പ് പരിശോധന നടന്നത്. അതിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഇന്‍കം ടാക്സ് റെയ്ഡ് ആണ് മുത്തൂറ്റ് ഗ്രൂപ്പുകളുടെ സ്ഥാപനങ്ങളില്‍ നടക്കുന്നത്. ആദായ നികുതിവകുപ്പിന് ലഭിച്ച ഒട്ടേറെ പരാതികളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന. കള്ളപണം വെളുപ്പിക്കല്‍, കടത്തല്‍, നികുതി വെട്ടിപ്പ് , കുഴല്‍പ്പണം തുടങ്ങി നിരവധി കാര്യങ്ങളില്‍ മുത്തൂറ്റ് ഗ്രൂപ്പുകള്‍ക്കെതിരെ ആദായ നികുതി വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്തുതന്നെ മുത്തൂറ്റിനെതിരെ പരാതികള്‍ വകുപ്പിന് ലഭിച്ചിരുന്നെങ്കിലും നടപടി എടുക്കാന്‍ ആയില്ല. സര്‍ക്കാരില്‍ മുത്തൂറ്റിനുണ്ടായിരുന്ന വന്‍ സ്വാധീനം തന്നെയായിരുന്നു കാരണം. സര്‍ക്കാര്‍ മാറിയപ്പോഴാണ് വ്യാപക പരിശോധന നടത്താന്‍ തീരുമാനമുണ്ടായത്.

മിന്നല്‍ പരിശോധനയാണ് ആദായ നികുതി വകുപ്പ് ആരംഭിച്ചത്. രാജ്യത്ത് നടന്നതില്‍ വച്ച് ഏറ്റവും വലിയ പരിശോധനകളില്‍ ഒന്നുകൂടിയായി മാറി ഇത്. ഇന്നലെ രാവിലെ 6.30 നാണ് രാജ്യത്തെ മുത്തൂറ്റ് ഗ്രൂപ്പുകളുടെ 60 ബ്രാഞ്ചുകളില്‍ ഒരേ സമയം റെയ്ഡ് തുടങ്ങിയത്. രണ്ടു ദിവസം പിന്നിട്ടിട്ടും റെയ്ഡ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ലക്ഷക്കണക്കിന് ഫയലുകളും രേഖകളും വിവരങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 100 കണക്കിന് കോടി രൂപയുടെ ക്രമക്കേടിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവരാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. എന്തായാലും രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നായി മാറാന്‍ പോവുകയാണ് മുത്തൂറ്റ് ഗ്രൂപ്പുകളുടെ ഈ കുംഭകോണം.

Top