ദില്ലി: ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷം ദുരന്ത കളമാകുമെന്നാണ് ഭയം. രണ്ട് ചാവേറുകള്‍ ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരം പാകിസ്താന്‍ ഇന്ത്യക്ക് കൈമാറി.
സ്വാതന്ത്ര്യ ദിനത്തില്‍ വാഗാ അതിര്‍ത്തിയില്‍ ഭീകരാക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. രണ്ട് ചാവേറുകള്‍ ബോംബ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നു പാക് ഭരണകൂടം വ്യക്തമാക്കി. വാഗാ അതിര്‍ത്തിയിലായിരിക്കും ആക്രമണം നടക്കുക.
തെഹ്രീകെ താലിബാന്‍ ആണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന വിവരമാണ് പാകിസ്താന്‍ ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്. ഓഗസ്റ്റ് 13നും 15നും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടാകാമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കശ്മീരില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം നടത്തുന്നത് പാകിസ്താന്‍ ആണെന്നും ഇത് നിര്‍ത്തണമെന്നും ഇന്ത്യ തുടര്‍ച്ചയായി പാകിസ്താനോടു ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.
അടുത്തിടെ പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദിനുള്ള പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പാകിസ്താനു കൈമാറിയിരുന്നു. എന്നാല്‍, പതിവുപോലെ എല്ലാം പാകിസ്താന്‍ തള്ളിക്കളഞ്ഞു. കൂടാതെ കഴിഞ്ഞ ദിവസം ജീവനോടെ പിടികൂടിയ ലഷ്‌കര്‍ ഭീകരന്‍ ബഹാദുര്‍ അലി പാകിസ്താനിലാണ് പരിശീലനം ലഭിച്ചതെന്നും കുറ്റസമ്മതം നടത്തിയിരുന്നു.