ദില്ലി:കൊറോണ വൈറസ് വ്യാപനം ശക്തമാവുകയാണ് .കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം. അത്യന്തം ആശങ്കാജനകമാണ് സാഹചര്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്.അതേസമയം കൊറോണ വൈറസ് കുടുതൽ ലോകരാജ്യങ്ങളിലേക്ക് വ്യാപിക്കുമ്പോൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും കേന്ദ്രസർക്കാർ റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന വിസാ വിലക്ക് ഏപ്രിൽ 15 വരെ നിലനിൽക്കും. നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങൾക്ക് മാത്രമായിരുന്നു വിസാ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കൊറോണ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് വിസാ വിലക്ക് നീട്ടിയിട്ടുള്ളത്.
കൊറോണയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യ നോഡൽ ഓഫീസറെ നിയമിക്കും. കൊറോണയെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ വിദേശികളുടെ വരവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിസാ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ലോകത്ത് ഇപ്പോൾ നിലവിലുള്ളത് അത്യന്തം ആശങ്കാജനകമായ സാഹചര്യമാണെന്ന് ലോകാരോഗ്യ സംഘടന വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലെ കൊറോണ വ്യാപനം അതിവേഗത്തിലാണെന്നും രണ്ടാഴ്ചക്കിടെ രോഗബാധിതരുടെ എണ്ണത്തിൽ 13 മടങ്ങ് വർധനവുണ്ടായെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
ഇന്ത്യയിൽ ഇതിനകം 67 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കേരളം, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക എന്നീ സംസ്ഥാനങ്ങളിലുൾപ്പെടെയാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ ഇതിനകം 10 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ രണ്ട് പേർ മുംബൈയിലും എട്ട് പേർ പൂനെയിലുമാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് 40 ഓളം പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. രണ്ട് ഇറ്റാലിയൻ പൌരന്മാരുൾപ്പെടെ മൂന്ന് പേർക്കാണ് രാജസ്ഥാനിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നാമൻ ദുബായിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരനാണ്.
കൊറോണ ഭീതിയെത്തുടർന്ന് ദില്ലിയിലെ പ്രൈമറി സ്കൂളുകൾ മാർച്ച് 31 വരെ അടച്ചിട്ടിട്ടുണ്ട്. കശ്മീരിലും ലഡാക്കിലും സ്കൂളുകളും കോളേജുകളും അടച്ചിട്ടു. കേരളത്തിൽ ഏഴാം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതോടെ ഇറ്റലി, ദക്ഷിണ കൊറിയ, ഫ്രാൻസ്, സ്പെയിൻ, ജർമനി, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് ഫെബ്രുവരി 15ന് ശേഷം ഇന്ത്യയിലെത്തിയ വിനോദസഞ്ചാരികളും ഇന്ത്യൻ പൌരന്മാരും കുറഞ്ഞത് 14 ദിവസമെങ്കിലും നിരീക്ഷണത്തിൽ കഴിയണമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നുണ്ട്. ഭൌമാതിർത്തികൾ വഴിയുള്ള രാജ്യാന്തര ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്താനും നിർദേശമുണ്ട്.
ചൈനയ്ക്ക് ആശ്വാസത്തിന് വക
ചൈനയിൽ പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. എന്നാൽ ഭീഷണി പൂർണമായി അവസാനിച്ചുവെന്ന് പറയാനാകില്ല. അടുത്ത ദിവസങ്ങളിൽ ഹുബെയിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് തുടങ്ങുമെന്ന് പ്രവിശ്യാ ഭരണകൂടം അറിയിച്ചു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യ സന്ദർശനം റദ്ദാക്കി
കൊറോണ ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ വിദേശ യാത്രകൾ ഒഴിവാക്കി ലോക നേതാക്കൾ. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് മാർച്ചിൽ നടത്താനിരുന്ന സന്ദർശനം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് എസ്‍പർ റദ്ദാക്കി.
രാജ്യങ്ങൾ:119
ആകെ മരണം: 4379
രോഗബാധിതർ: 121,312
ചൈനയിലെ മരണസംഖ്യ: 3,158