മലേഷ്യയിൽ നിന്ന് എത്തിയ ‘കൊറോണ സംശയിച്ചിരുന്ന പയ്യന്നൂർ സ്വദേശി യുവാവ് കൊച്ചിയിൽ മരിച്ചു.

കൊച്ചി: ഭീതി പരത്തിക്കൊണ്ട് കൊറോണ പടരുകയാണ് ലോകമെമ്പാടും .അതിനിടെ കൊറോണ വൈറസ് ബാധ സംശയിച്ചിരുന്ന പയ്യന്നൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. 36കാരനായ ജെയ്‌നേഷ് ആണ് വെള്ളിയാഴ്ച രാത്രി 12 മണിയോടെ മരിച്ചത്. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മലേഷ്യയില്‍ നിന്നും എത്തിയ ജെയ്‌നേഷിന് കൊറോണ ലക്ഷണങ്ങളുളളതായി സംശയിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴ വൈറളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധന നടത്തി. ആദ്യ പരിശോധനയില്‍ കൊറോണ ബാധയില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടാമത്തെ സാമ്പിളിന്റെ ഫലം വരുന്നതിന് മുന്‍പാണ് മരണം സംഭവിച്ചിരിക്കുന്നത്. വൈറല്‍ ന്യൂമോണിയയാണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ശ്വാസകോശത്തില്‍ ഗുരുതരമായ വൈറല്‍ ന്യൂമോണിയ ബാധിച്ച നിലയിലാണ് ജെയ്‌നേഷിനെ വ്യാഴാഴ്ച രാത്രിയാണ് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലേഷ്യല്‍ നിന്നും നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ശേഷം ജെയ്‌നേഷിനെ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് അയച്ചത്. കടുത്ത ന്യൂമോണിയ ആയിരുന്നതിനാല്‍ ജെയ്‌നേഷ് വെന്റിലേറ്ററിലായിരുന്നു. രണ്ടര വര്‍ഷമായി മലേഷ്യയില്‍ ജോലി ചെയ്ത് വരികയായിരുന്നു ജെയ്‌നേഷ്. അഞ്ച് ദിവസത്തോളമായി കടുത്ത പനിയും ശ്വാസ തടസ്സവും അനുഭവപ്പെടുന്നുണ്ടായിരുന്നു. ജെയ്‌നേഷിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്നാണ് സ്രവങ്ങളുടെ സാമ്പിള്‍ രണ്ടാമതും പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ കൊറോണ ഇല്ല എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുളളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top