ഇന്ത്യയിൽ 75 ജില്ലകളിൽ നിയന്ത്രണം,രാജ്യത്ത് മരണം ഏഴ്,രോഗികൾ 341.പേടിപ്പെടുത്തുന്ന മരണ നിരക്ക്!കഴിഞ്ഞ 24 മണിക്കൂറിനിടെ 651 കൊവിഡ് മരണങ്ങള്‍!

ന്യുഡൽഹി : ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 651 കൊവിഡ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ ഇതുവരെ മരണപ്പെട്ടത് 5476 പേരാണ്. കൊവിഡ് ആദ്യം രേഖപ്പെടുത്തിയ ചൈനയെ പിന്നിലാക്കിയാണ് മരണക്കളിയില്‍ ഇറ്റലി കുതിക്കുന്നത്. ലോകത്ത് കൊവിഡ് 19 മൂലം ഏറ്റവും അധികം ആളുകള്‍ മരിച്ച രാജ്യമായി ഇറ്റലി മാറിയിരിക്കുകയാണ്. ഓരോ ദിവസവും രാജ്യത്ത് നൂറുകണക്കിന് ആളുകളാണ് മരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇറ്റലിയില്‍ കൊവിഡ് മൂലം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ മരണനിരക്കാണിത് ശനിയാഴ്ച ലോകത്തെ വിവിധ രാജ്യങ്ങളിലായി 793 പേര്‍ കൊവിഡ് രോഗബാധയേറ്റ് മരിച്ചിരുന്നു. അതില്‍ 651 പേരും ഇറ്റലിയില്‍ നിന്നുളളവരാണ് എന്നറിയുമ്പോഴാണ് ആ രാജ്യത്തിന്റെ അവസ്ഥ എത്രമാത്രം ഭീതിദമാണ് എന്ന് മനസ്സിലാവുക. ഇറ്റലിയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10.4 ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് ബാധയേറ്റ മൂന്നില്‍ രണ്ട് പേരും മരണപ്പെടുന്ന ഭീകരാവസ്ഥയാണ് ഇറ്റലി അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

അതേസമയം കൊറോണ മരണം ഉയരുകയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതോടെ സമൂഹവ്യാപനം തടയാൻ കേന്ദ്രസർക്കാർ രാജ്യവ്യാപകമായി കൂടുതൽ കർക്കശമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.കേരളത്തിലെ പത്തനംതിട്ട, കാസർകോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ എന്നീ ഏഴ് ജില്ലകൾ ഉൾപ്പെടെ കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യത്തെ 75 ജില്ലകളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കാവൂവെന്ന് സംസ്ഥാനസർക്കാരുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. കേരളം കൂടാതെ യു.പി, പഞ്ചാബ്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ 21 സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് നിയന്ത്രണം. രാജ്യത്തെമ്പാടും അവശ്യസർവീസുകളല്ലാത്ത അന്തർ സംസ്ഥാന ബസ് സർവീസുകളും എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും മാർച്ച് 31വരെ നിറുത്തിവച്ചു. ഗുഡ്സ് ട്രെയിനുകൾ സർവീസ് തുടരും. എല്ലാ മെട്രോട്രെയിൻ സർവീസുകളും നിറുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന ചീഫ്സെക്രട്ടറിമാരുമായി കേന്ദ്രകാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും നടത്തിയ വീഡിയോ കോൺഫറൻസിലാണ് തീരുമാനം.ഇതിനു പുറമേ നിരവധി സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗികൾ 341,മരണം 7

രാജ്യത്ത് കൊറോണ മരണം ഏഴായി. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഒരാൾ വീതം ഇന്നലെ മരിച്ചു. കസ്തൂർബ ആശുപത്രിയിൽ 63 കാരൻ മരിച്ചതോടെ മഹാരാഷ്ട്രയിൽ മരണം രണ്ടായി. ബീഹാറിൽ ഖത്തറിൽ നിന്നെത്തിയ 38കാരന്റെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഗുജറാത്തിൽ സൂററ്റിൽ 69കാരൻ മരിച്ചു. വഡോദരയിൽ ഒരു 65കാരി മരിച്ചങ്കിലും ഇവരുടെ കൊറോണ പരിശോധനാഫലം ലഭിച്ചിട്ടില്ല.

കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 341 ആയി. മഹാരാഷ്ട്രയിൽ പത്തുപേർക്ക് കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗികൾ 74 ആയി. മുംബയിൽ ആറും പൂനെയിൽ നാലുപേർക്കുമാണ് പുതുതായി സ്ഥിരീകരിച്ചത്. പഞ്ചാബിൽ 14 കേസുകളായി. തമിഴ്നാട്ടിൽ സ്പെയിനിൽ നിന്നെത്തിയ ആൾക്കും നോയിഡയിൽ ദുബായിൽ നിന്നെത്തിയ ഒരാൾക്കും കൂടി കൊറോണ സ്ഥിരീകരിച്ചു.

-സംസ്ഥാനങ്ങളിൽ കൂടുതൽ വെൻറിലേറ്രർ, ഐസൊലേഷൻ വാർഡുകൾ തുടങ്ങിയവ ക്രമീകരിക്കാൻ നിർദ്ദേശം

-മുംബയ്,കൽക്കത്ത, ബാംഗ്ലൂർ,ചെന്നൈ, കോയമ്പത്തൂർ നഗരങ്ങളിലെല്ലാം നിയന്ത്രണങ്ങൾ

-പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ മാർച്ച് 31 വരെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, ഒഡീഷ,രാജസ്ഥാൻ,ബിഹാർ സംസ്ഥാനങ്ങൾ സമാനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മുകാശ്മീരിൽ മാർച്ച് 25 വരെ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു.

-പശ്ചിമബംഗാളിൽ മാർച്ച് 31 വരെ ബാറുകൾ, റെസ്റ്റോറന്റുകൾ,പബുകൾ, അമ്യൂസ്‌മെൻറ് പാർക്കുകൾ, നൈറ്ര് ക്ലബുകൾ, മൃഗശാലകൾ തുടങ്ങിയവ അടച്ചിട്ടു.

– മഹാരാഷ്ട്രയിൽ മുംബയിൽ ഉൾപ്പെടെ സംസ്ഥാനത്താകെ 144 പ്രഖ്യാപിച്ചു. അഞ്ചിൽ കൂടുതൽ ആളുകൾ ഒരുമിച്ച് കൂടാനാകില്ല. സർക്കാർ,​ സ്വകാര്യ ബസുകൾ ഓടില്ല. ആരാധാനാലയങ്ങൾ അടച്ചു.

-തമിഴ്നാട്ടിൽ ചെന്നൈയിൽ ഉൾപ്പെടെ നിയന്ത്രണം

-ഗുജറാത്തിൽ ഗാന്ധിനഗർ, അഹമ്മദാബാദ്,സൂറത്ത്,രാജ്കോട്ട് നഗരങ്ങളിൽ മാർച്ച് 25വരെ അവശ്യസാധനങ്ങൾക്കൊഴികെ നിയന്ത്രണങ്ങൾ.

-ഇറ്റലിയിലെ റോമിൽ കുടുങ്ങിയ 263 ഇന്ത്യൻ വിദ്യാർത്ഥികളെ ഡൽഹിയിലെത്തിച്ചു. ഇവരെ ചാവ്‌ല ഐ.ടി.ബി.പി ക്യാമ്പിൽ നിരീക്ഷണത്തിനായി മാറ്റി.

-കൊറോണ ബാധിച്ച ഗായിക കനിക കപൂറിനൊപ്പം ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് ജിതേന്ദർ പ്രസാദയ്ക്കും ഭാര്യയ്ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

-പാർലമെൻറ് സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാൻ എം.പിമാർക്ക് തൃണമൂൽ കോൺഗ്രസ് നിർദ്ദേശം. ലോക്‌സഭയിൽ 22ഉം രാജ്യസഭയിൽ 13 എം.പിമാരും തൃണമൂലിനുണ്ട്. ഇവരിൽ പകുതിയോളം 65 വയസോ അതിനുമുകളിലോ ഉള്ളവരാണ്.

-കൊറോണയുടെ സമൂഹവ്യാപനം തടയാൻ വിദേശത്തുനിന്ന് എത്തുന്നവരെ ഐസൊലേറ്ര് ചെയ്യുകയാണ് എളുപ്പവഴിയെന്ന് ഐ.സി.എം.ആർ. ഒരുദിവസം 10,000 കേസുകൾ ടെസ്റ്ര് ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്.

Top