ഇനി ശത്രു രാജ്യങ്ങളുടെ മുട്ടു വിറക്കും; മിസൈല്‍ പ്രതിരോധരംഗത്ത് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, പരീക്ഷണം വിജയം

ന്യൂഡല്‍ഹി: ശത്രുരാജ്യങ്ങളുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ (ICBM) തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (BMD) കവചത്തിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ഇത്തരം അത്യാധുനിക പ്രതിരോധ സംവിധാനമുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു. ജൂണ്‍ 10, 11 തീയതികളില്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ നടത്തിയത്. അന്തരീക്ഷത്തിന് ഉള്ളിലും (endo-atmosphere) പുറത്തും (exo-atmosphere) വെച്ച് ശത്രു മിസൈലുകളെ തടയാന്‍ ശേഷിയുള്ള ഇന്റര്‍സെപ്റ്റര്‍ മിസൈലുകളാണ് ഈ പരീക്ഷണത്തില്‍ പ്രയോഗിച്ചത്. പരീക്ഷണത്തില്‍ ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ അവയുടെ ലക്ഷ്യങ്ങള്‍ വിജയകരമായി തകര്‍ത്തു.

മിസൈല്‍ പ്രതിരോധ പദ്ധതി പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് വികസിപ്പിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം: അന്തരീക്ഷത്തിനുള്ളില്‍ വെച്ച് മിസൈലുകളെ തകര്‍ക്കുന്ന പൃഥ്വി ഡിഫന്‍സ് വെഹിക്കിള്‍ (PDV), അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് (AAD) എന്നിവ ഉള്‍പ്പെടുന്ന ഈ ഘട്ടം മുമ്പ് പൂര്‍ത്തിയായിരുന്നു. രണ്ടാം ഘട്ടം: എഡി-1, എഡി-2 എന്നീ ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ ഉപയോഗിച്ച് അന്തരീക്ഷത്തിന് പുറത്തുവെച്ച് മിസൈലുകളെ തകര്‍ക്കുന്നതാണ് ഈ ഘട്ടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈപ്പര്‍സോണിക് ആയുധങ്ങളെയും (hypersonic weapons), ഒരേ സമയം ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആണവമുനകള്‍ തൊടുക്കാന്‍ കഴിയുന്ന മിസൈലുകളെയും (MIRV technology) നേരിടാനായി മൂന്നാം ഘട്ടത്തിന് ഡിആര്‍ഡിഒ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനായി എഡി-എഎച്ച് (AD-AH) , എഡി- എഎം (AD-AM) എന്നീ പുതിയ മിസൈലുകള്‍ വികസിപ്പിക്കും.

ഇന്ത്യയുടെ ചരിത്ര നേട്ടത്തില്‍ ഡിആര്‍ഡിഒയും ശാസ്ത്രജ്ഞരെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. പരീക്ഷണ വിവരങ്ങള്‍ അദ്ദേഹം തന്റെ എക്സ് പോസ്റ്റില്‍ പങ്കുവയ്ക്കുകയും ചെയ്തു. പരീക്ഷണ വിജയത്തോടെ ഈ സാങ്കേതികവിദ്യ സ്വന്തമായുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിയെന്ന് അദ്ദേഹം വിശദീകരിച്ചു.

നാവികസേനയുടെ ഇടത്തരം ദൂരപരിധിയുള്ള കപ്പല്‍വേധ മിസൈലിന്റെ (Naval Anti-Ship Missile-Medium Range) ആദ്യ പരീക്ഷണവും (maiden flight test) ഇതിനൊപ്പം വിജയകരമായി പൂര്‍ത്തിയാക്കി.

1998-ല്‍ പാകിസ്താന്‍ ആണവ പരീക്ഷണം നടത്തിയതിനെത്തുടര്‍ന്ന് 1999-ലാണ് ഇന്ത്യ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പദ്ധതിക്ക് തുടക്കം കുറിച്ചത്. ചൈനയുടെ ഈ രംഗത്തെ മുന്നേറ്റങ്ങളും ഈ നീക്കത്തിന് പിന്നിലുണ്ട്. വിക്ഷേപണ വാഹനങ്ങള്‍ക്കു പുറമെ, ഇസ്രായേലില്‍ നിന്നുള്ള സോര്‍ഡ് ഫിഷ് (Swordfish) റഡാര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ച തദ്ദേശീയ റഡാര്‍ സംവിധാനങ്ങള്‍ ഈ പ്രതിരോധ കവചത്തിന്റെ പ്രധാന ഭാഗമാണ്.

ദീര്‍ഘദൂരത്തിലുള്ള ലക്ഷ്യങ്ങളെ നിരീക്ഷിക്കാന്‍ ശേഷിയുള്ള ഒരു ട്രാക്കിംഗ് റഡാര്‍ സംവിധാനമാണിത്. ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാന്‍ഡ് അറേ ( AESA) റഡാര്‍ സംവിധാനമാണിത്.2000കളുടെ മധ്യത്തില്‍ ഇസ്രായേലില്‍ നിന്നാണ് ഇന്ത്യ സോര്‍ഡ് ഫിഷ് റഡാര്‍ ആദ്യമായി സ്വന്തമാക്കിയത്. ഇസ്രായേലിന്റെ ആരോ (Arrow) മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ഗ്രീന്‍ പൈന്‍ (Green Pine) ലോംഗ് റേഞ്ച് റഡാറിന്റെ ഒരു വകഭേദമാണ് സോര്‍ഡ്ഫിഷ് റഡാര്‍. ഈ റഡാറില്‍ ഇന്ത്യയുടെ നിരവധി തദ്ദേശീയ സംവിധാനങ്ങള്‍ (indigenous systems) ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ റഡാറിനെ അടിസ്ഥാനമാക്കി, ഇതിലും ഉയര്‍ന്ന ദൂരപരിധിയും ശേഷിയുമുള്ള പുതിയ തദ്ദേശീയ റഡാര്‍ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ഡിആര്‍ഡിഒയ്ക്ക് സാധിച്ചിട്ടുണ്ട്. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ കവചത്തിലെ (BMD) ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ കഴിഞ്ഞാല്‍ ഏറ്റവും നിര്‍ണ്ണായകമായ ഘടകമായാണ് കൃത്യതയും ശേഷിയും കൂടിയ റഡാറുകള്‍. പുതിയ മിസൈല്‍ ഭീഷണികളെ ഫലപ്രദമായി നേരിടാന്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡിആര്‍ഡിഒ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

പൂര്‍ണ സജ്ജമായാല്‍ ഈ സംവിധാനം വിവിധ ഭാഗങ്ങളായാണ് വിന്യസിക്കുക. മിസൈല്‍ വിക്ഷേപണ വാഹനങ്ങള്‍ (launch vehicles), പ്രത്യേക ദീര്‍ഘദൂര റഡാറുകള്‍, ലോഞ്ച് കണ്‍ട്രോള്‍ സെന്ററുകള്‍, മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ എന്നിവ വിവിധയിടങ്ങളിലായി സ്ഥാപിക്കും. വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഈ ഘടകങ്ങളെല്ലാം അതീവ സുരക്ഷിതമായ ഒരു ആശയവിനിമയ ശൃംഖല (secure communication network) വഴി പരസ്പരം ബന്ധിപ്പിക്കും. ശത്രു രാജ്യങ്ങളുടെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെയും ഭൂഖണ്ഡാന്തര മിസൈലുകളെയും ഫലപ്രദമായി നേരിടാനാണ് ഈ രീതിയിലുള്ള സജ്ജീകരണം ഒരുക്കുന്നത്

 

Top