ന്യൂഡല്‍ഹി: കനേഡിയന്‍ പൗരന്മാര്‍ക്ക് അനിശ്ചിത കാലത്തേക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ സേവനങ്ങള്‍ ഉണ്ടാവില്ലെന്നാണ് വിസ അപേക്ഷ പോര്‍ട്ടലായ ബി എല്‍ എസിലൂടെ അറിയിച്ചിരിക്കുന്നത്.
ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. തര്‍ക്കം മുറുകുന്നതിനിടെ കാനഡയില്‍ കഴിയുന്ന ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ എന്‍ഐഎ വേഗത്തിലാക്കിയിട്ടുണ്ട്. വിവിധ കേസുകളില്‍ പ്രതികളായ കാനഡയുമായി ബന്ധമുളള ഖലിസ്ഥാന്‍ അനുകൂലികളുടെയും ഗുണ്ടാ നേതാക്കളുടേയും പട്ടിക പുറത്തുവിട്ടിട്ടുണ്ട്. 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളില്‍ പ്രതികളായ അഞ്ച് ഖലിസ്ഥാന്‍ അനുകൂലികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പത്തു ലക്ഷം രൂപയാണ് ബബര്‍ കല്‍സ എന്ന സംഘടനയിലെ അംഗങ്ങളായ ഭീകരരെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് നല്‍കുക.