ഇന്ത്യ ഇന്ന് 73 റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡൽഹിയിലെ രാജ്പഥിലാണ് റിപ്പബ്ലിക് ദിന പരേഡ് ആഘോഷ പരിപാടികളും നടക്കുന്നത്. ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും നിശ്ചല ദൃശ്യങ്ങളും
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പ്രദർശിപ്പിക്കും. 21 നിശ്ചല ദൃശ്യങ്ങൾ ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ ഉണ്ടാകും.
പത്തരയ്ക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. ഇത്തവണ പരേഡ് കാണാൻ വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികൾ ഉണ്ടാകില്ല.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച കാണികൾക്ക് മാത്രമാണ് പരേഡ് കാണാൻ അനുമതി. ആക്രമണ സാധ്യത കണക്കിലെടുത്ത് ബോംബ് സ്‌ക്വാഡും സി.ആർ.പി.എഫും പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധ സ്മാരകം സന്ദർശിക്കും. തുടർന്ന് രാജ്യത്ത് വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കും. ഇതോടെ, രാജ്യത്തിന്റെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കമാകും.