മുംബൈ :ടി 20 ലോകകപ്പിലെ സൂപ്പര്‍ 12 മരണപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെതിരെ. ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. പാണ്ഡ്യ നെറ്റ്‌സില്‍ പന്തെറിയാന്‍ തുടങ്ങിയതിനാല്‍ ന്യൂസീലന്‍ഡിനെതിരെ നിലനിര്‍ത്താനാണ് സാധ്യത. ഇന്ന് തോല്‍ക്കുന്നവര്‍ക്ക് സെമി പ്രതീക്ഷകള്‍ അവസാനിപ്പിക്കാം. ചേസ് ചെയ്യുന്നവരാണ് ഈ ലോകകപ്പില്‍ വിജയിച്ചവരില്‍ ഏറെയും. വിരാട് കോലിയെ ഇക്കുറിയെങ്കിലും ടോസ് ഭാഗ്യം പിന്തുണയ്ക്കുമോയെന്ന ആകാംഷയിലാണ് ആരാധകര്‍.
അട്ടിമറികളോ അത്ഭുതങ്ങളോ സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ–ന്യൂസീലന്‍ഡ് മല്‍സരത്തിലെ വിജയിയാകും പാകിസ്താനൊപ്പം സെമിയിലെത്തുക. ഫിറ്റല്ലാത്ത ഹാര്‍ദിക്കിനെ ടീമിലെടുത്തതിന് വിമര്‍ശനം തുടരുമ്പോഴും ഇലവനില്‍ മാറ്റം വേണ്ടെന്ന നിലപാടിലാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടോപ് ഓര്‍ഡര്‍ വേഗത്തില്‍ വീണാല്‍ ഇന്ത്യയെ വേഗത്തില്‍ തളര്‍ത്താനാകുമെന്ന് നന്നായി അറിയാവുന്ന കെയ്ന്‍ വില്യംസന്‍ അതിന് തന്നെയാകും പരമാവധി ശ്രമിക്കുക. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ വീഴ്ത്തിയത് ഉദാഹരണം.തോറ്റാലും ടീം കോമ്പിനേഷനിൽ മാറ്റം വരുത്താത്ത ചെന്നൈ സൂപ്പര്‍ കിങ്സിനെ അനുകരിക്കുകയാണ് ടീം ഇന്ത്യ. ഇതിലൂടെ കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.രാത്രി ഏഴരയ്ക്കാണ് മല്‍സരം.