ന്യൂഡല്‍ഹി:ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും രൂക്ഷമാകുന്നു. പാക്കിസ്ഥാന്റെ മനുഷ്യത്വരഹിതമായ നടപടിക്ക് സൈന്യം തക്ക തിരിച്ചടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ താക്കീതു നല്‍കി .ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്ക് റേഞ്ചേഴ്‌സ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചതിന് തൊട്ടുപിന്നാലെ അതിര്‍ത്തിയില്‍ പെട്രോളിങ്ങ് നടത്തുകയായിരുന്ന സൈനികരെ ആക്രമിച്ച പാക് സൈന്യം മൃതദേഹം വികൃതമാക്കിയത് മേഖലയില്‍ വലിയ സംഘര്‍ഷ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ കരസേന വ്യക്തമാക്കി. ഇതിനായി കൂടുതല്‍ സേനയെ അതിര്‍ത്തിയില്‍ വിന്യസിച്ചു വരികയാണ്.കശ്മീരിലെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന പാക് കരസേന മേധാവി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പാക് ആക്രമണം. പലിശ സഹിതം തിരിച്ചടിക്കാനാണ് ഇന്ത്യന്‍ സേനയുടെ നീക്കം. ഇതിനായി ഭരണതലത്തില്‍ നിന്നുള്ള നിര്‍ദ്ദേശവും സൈന്യത്തിന് ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, വിവിധ സേനാ വിഭാഗങ്ങളുടെ തലവന്‍മാര്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ഏത് തരത്തിലുള്ള തിരിച്ചടിയാണ് ഇന്ത്യ നല്‍കുക എന്നത് അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ ലോകശക്തികളും ഉറ്റുനോക്കുകയാണ്.ഇന്ത്യന്‍ തിരിച്ചടി, മേഖലയില്‍ വീണ്ടും യുദ്ധത്തിന് കാരണമാകുമോ എന്ന ഭീതിയും പരക്കെയുണ്ട്. ഇന്ത്യന്‍ സൈനികരാവട്ടെ സഹപ്രവര്‍ത്തകരുടെ മൃതദേഹം വികൃതമാക്കിയതില്‍ അത്യന്തം രോഷാകുലരുമാണ്.
ഉത്തര കൊറിയ-അമേരിക്കന്‍ സംഘര്‍ഷവും പാക്-ഇന്ത്യന്‍ സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടാല്‍ അത് ലോക മഹായുദ്ധത്തിലേക്കും സര്‍വനാശത്തിലേക്കും തന്നെ കലാശിക്കുമെന്ന ഭീതി അന്താരാഷ്ട്ര സമൂഹത്തിനുണ്ട്.അതേസമയം ഇനി ഒരാക്രമണമുണ്ടെങ്കില്‍ പാക് അധീന കശ്മീര്‍ ഇന്ത്യന്‍ സേന പിടിച്ചെടുക്കുമെന്ന അഭ്യൂഹം പാക്കിസ്ഥാനിലും ശക്തമാണ്.ഇന്ത്യയുടെ സൈനിക ശക്തി കൃത്യമായി ‘ബോധ്യപ്പെടാത്തത് ‘ കൊണ്ടാണ് പാകിസ്ഥാന്‍ പ്രകോപനമുണ്ടാക്കുന്നതെന്നാണ് അമേരിക്കയുടെയും റഷ്യയുടെയും വിലയിരുത്തല്‍.
മറ്റൊരു രാജ്യത്തിന്റെയും സഹായമില്ലാതെ പാക്കിസ്ഥാനെ ആക്രമിച്ച് തകര്‍ത്ത് തരിപ്പണമാക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇന്ത്യ-പാക് തുറന്ന ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ഉത്തര കൊറിയന്‍ പ്രശ്‌നത്തില്‍ ‘ ത്രിശങ്കുവിലായ ‘ ചൈനക്കുപോലും പാക്കിസ്ഥാനെ സഹായിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല അമേരിക്ക, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, ഇസ്രയേല്‍, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തെ പ്രമുഖരാജ്യങ്ങളെല്ലാം ഇന്ത്യക്കൊപ്പം നില്‍ക്കാനാണ് സാധ്യതയെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഏതുതരം ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക് ‘ ആണ് വീണ്ടും പാക്കിസ്ഥാന് മേല്‍ ഇന്ത്യ നടത്തുകയെന്നാണ് ലോക രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.ഇതിനിടെ ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പൊലീസുകാരും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുമടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു.ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ശാഖയിലേക്കു പണവുമായി പോവുകയായിരുന്ന വാനിനു നേരെയായിരുന്നു ആക്രമണം. പരുക്കേറ്റ ഉദ്യോഗസ്ഥരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടി നിന്ദ്യവും മനുഷ്യത്വരഹിതവുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം കിരാത നടപടിക്കെതിരെ സൈന്യം ശക്തമായി പ്രതികരിക്കുമെന്നു കേന്ദ്ര പ്രതിരോധ – ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു. ഇത്തരം ആക്രമണങ്ങള്‍ യുദ്ധസമയത്തുപോലും നടത്തിയിട്ടില്ല. ഇത് അങ്ങേയറ്റത്തെ കിരാത നടപടിയാണ്. രണ്ടു സൈനികരുടെ വീരമൃത്യു വെറുതേയാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്‍ സ്വന്തം നാശം ക്ഷണിച്ചുവരുത്തുകയാണെന്നു കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. പാക്കിസ്ഥാനെ ഉണ്ടാക്കിയതുതന്നെ തെറ്റായിപ്പോയെന്നു ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി. ഇന്ത്യ യുദ്ധത്തിനു തയാറാണെന്നും അദ്ദേഹം പ്രതികരിച്ചു. പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി ലോകം പ്രഖ്യാപിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. നടപടി അസഹനീയമാണെന്നും പാക്കിസ്ഥാനെതിരെ കേന്ദ്രം ശക്തമായി പ്രതികരിക്കണമെന്നും സിപിഎം ദേശീയ സെക്രട്ടറി സിതാറാം യച്ചൂരി അറിയിച്ചു.