ലോകത്തെ ആഗോളതാപനത്തിലേക്ക് തള്ളിവിടുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് പശുക്കളെന്ന് പഠനം. ഇന്ത്യന്‍ പശുക്കളെ നിലക്ക് നിര്‍ത്തി ആഗോളതാപനത്തെ നിയന്ത്രിക്കാനാകുമെന്ന് പഠനം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ആഗോളതാപനത്തിന് കാരണമാകുന്ന മീഥെയ്ന്‍ വാതകം കൂടുതലും ഉത്പാദിപ്പിക്കപ്പെടുന്നത് ചാണകത്തില്‍നിന്നാണ്.
പശുക്കള്‍ മുഖേനെയുള്ള ദുരന്തം ഇല്ലാതാക്കുവാനുള്ള വഴിയും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ‘അസ്പരാഗോപ്സിസ്’ എന്ന കടല്‍പ്പായല്‍ അടങ്ങിയ കാലിത്തീറ്റ നല്‍കിയാല്‍ കാലികള്‍ പുറത്തുവിടുന്ന മീഥെയ്ന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ആനിമല്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ എര്‍മിയാസ് കെബ്റീബ് പറഞ്ഞു.
കാര്‍ബണ്‍ ഡയോക്‌സൈഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹരിതഗൃഹവാതകങ്ങളിലൊന്നായ മീഥെയ്ന് ആഗോളതാപനമുണ്ടാക്കുന്നതിന് 28 ശതമാനം അധികം ശേഷിയുണ്ട്. 2007-ലെ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ കണക്കുകള്‍പ്രകാരം ഇന്ത്യയില്‍നിന്ന് പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളുടെ എട്ടില്‍ ഒരുഭാഗം കന്നുകാലികളില്‍നിന്നാണ് ഉണ്ടാകുന്നത്.
2018-ലെ യു.എസ്. കാര്‍ഷികവകുപ്പിന്റെ കണക്കുകള്‍പ്രകാരം ലോകത്ത് ഏറ്റവുംകൂടുതല്‍ കാലിസമ്പത്തുള്ള രാജ്യം ഇന്ത്യയാണ് (30.5 കോടി). പശുക്കള്‍ അയവിറക്കുന്ന വിഭാഗത്തില്‍പ്പെടുന്ന ജന്തുക്കളാണ്. ആമാശയത്തിന്റെ ആദ്യ അറയില്‍ ഭക്ഷണം ശേഖരിക്കുകയും പിന്നീട് വീണ്ടെടുത്ത് അയവിറക്കുകയുമാണ് ചെയ്യുന്നത്. ഈ അറയില്‍ ധാരാളമായുള്ള സൂക്ഷ്മാണുക്കള്‍ പുല്ലും വൈക്കോലും പോലുള്ള ധാരാളം നാരുകളടങ്ങിയ ഭക്ഷണം ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഈ പ്രക്രിയയ്ക്കിടയില്‍ മീഥെയ്ന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ചാണകത്തിലൂടെയാണ് പുറന്തള്ളുന്നത്.
കടല്‍പ്പായലായ ‘അസ്പരാഗോപ്സിസി’ല്‍ നിന്നുണ്ടാക്കുന്ന കാലിത്തീറ്റ ചാണകത്തിലൂടെ പുറന്തള്ളുന്ന മീഥെയ്നിന്റെ അളവുകുറയ്ക്കാന്‍ സഹായിക്കും. ഹോള്‍സ്റ്റെയിന്‍ വിഭാഗത്തില്‍പ്പെട്ട 12 പശുക്കളിലാണ് കെബ്റീപിന്റെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയത്. പശുക്കള്‍ക്ക് അസ്പരാഗോപ്സിസില്‍നിന്നുള്ള കാലിത്തീറ്റ മൂന്നുമാസം തുടര്‍ച്ചയായി നല്‍കിയതിലൂടെ ചാണകത്തിലൂടെ പുറന്തള്ളുന്ന മീഥെയ്നിന്റെ അളവ് 58 ശതമാനത്തോളം കുറയുന്നതായികണ്ടു.
പശുക്കളില്‍ ദഹനപ്രക്രിയയ്ക്കിടെ മീഥെയ്ന്‍ ഉത്പാദനത്തിന് സഹായിക്കുന്ന രാസാഗ്‌നിയെ അസ്പരാഗോപ്സിസ് തടയുന്നതാണ് കാരണം. കണ്ടെത്തലുകള്‍ക്ക് വിജയസാധ്യത കൂടുതലാണെന്നും എന്നാല്‍, അന്തിമമല്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. നീണ്ട കടല്‍ത്തീരമുള്ളതിനാല്‍ ഇന്ത്യയില്‍ കടല്‍പ്പായല്‍ വളര്‍ത്തുന്നതിന് അസൗകര്യമില്ലെന്നും ഇതിന് പ്രത്യേകമായ ഭൂമിയോ ശുദ്ധജലമോ വളമോ വേണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.