അമിത ലഗേജുമായി സഞ്ചരിക്കുന്നവരില്‍ നിന്ന് ആറിരട്ടി പിഴയീടാക്കാനൊരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: അമിത ലഗേജുമായെത്തുന്ന യാത്രക്കാരില്‍ നിന്ന് അധികനിരക്കും പിഴയും ഈടാക്കാനൊരുങ്ങി റെയില്‍വേ. വിമാനയാത്രയ്ക്കു സമാനമായി ട്രെയിന്‍ യാത്രയിലും ലഗേജിനു നിയന്ത്രണം ഏര്‍പ്പെടുത്താനാണു റെയില്‍വേയുടെ നീക്കം. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു നിയന്ത്രണം ശക്തമാക്കാന്‍ തീരുമാനിച്ചത്. അധിക ലഗേജുമായി സഞ്ചരിക്കുന്നവര്‍ക്ക് നിലവിലെ ഫീസിന്റെ ആറിരട്ടിയായിരിക്കും പിഴ.

നിലവിലെ വ്യവസ്ഥ പ്രകാരം സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോഗ്രാമും സെക്കന്‍ഡ് ക്ലാസില്‍ 35 കിലോഗ്രാമും വരെ ലഗേജ് സൗജന്യമായി കൊണ്ടു പോകാം. പാഴ്‌സല്‍ ഓഫിസില്‍ അധികപണം അടച്ചാല്‍ സ്ലീപ്പര്‍ ക്ലാസില്‍ 80 കിലോഗ്രാമും സെക്കന്‍ഡ് ക്ലാസില്‍ 70 കിലോഗ്രാമും ലഗേജ് കൊണ്ടുപോകാം. അധികം വരുന്ന ലഗേജ് ട്രെയിനില്‍ ഇതിനായി അനുവദിച്ചിട്ടുള്ള ലഗേജ് വാനിലാണ് സൂക്ഷിക്കുക. ‘ഈ നിയമം ഇപ്പോഴും നിലവിലുണ്ട്. അതു ശക്തമാക്കുന്നുവെന്നു മാത്രം. ലഗേജ് വാനിലേക്ക് ബുക്ക് ചെയ്ത് അനുവദിച്ച ഭാരം വരെയുള്ള ലഗേജ് കൊണ്ടുപോകാം. തത്തുല്യമായ തുക അടയ്ക്കണമെന്നു മാത്രം’ റെയില്‍വേ ബോര്‍ഡ് വക്താവ് വേദ് പ്രകാശ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസി ഫസ്റ്റ് ക്ലാസില്‍ 70 കിലോഗ്രാം ലഗേജ് വരെ സൗജന്യമായി കൊണ്ടു പോകാം. പക്ഷേ അധിക തുക നല്‍കിയാല്‍ ലഗേജ് വാനില്‍ 80 ഉള്‍പ്പെടെ ആകെ 150 കിലോഗ്രാം വരെ കൊണ്ടുപോകാം. എസി ടു-ടയര്‍ യാത്രക്കാരന് സൗജന്യമായി 50 കിലോഗ്രാം വരെയുള്ള ലഗേജ് കൊണ്ടുപോകാം. പണം അടച്ചാല്‍ 50 കിലോ ലഗേജ് വാനിലും കൊണ്ടുപോകാം- ആകെ 100 കിലോഗ്രാം.

കംപാര്‍ട്‌മെന്റില്‍ കൊണ്ടുപോകാവുന്ന പെട്ടികള്‍ക്കുള്ള വലുപ്പവും (100 സെ.മീ നിളം, 60 സെ.മീ. വിസ്തൃതി, 25 സെ.മീ ഉയരം) റെയില്‍വേ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലാണെന്നു കണ്ടെത്തിയാല്‍ പെട്ടികള്‍ പിടിച്ചെടുത്ത് ലഗേജ് വാനിലേക്കു മാറ്റും.

ജൂണ്‍ ആദ്യവാരം മുതല്‍ എല്ലാ സോണിലും ഇത് നടപ്പാക്കും. എന്നാല്‍ വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഗേജ് റെയില്‍വേ സ്‌റ്റേഷനില്‍ ഓരോ യാത്രക്കാരന്റെയും ലഗേജ് പ്രത്യേകമായി തൂക്കിനോക്കില്ല. എന്നാല്‍ ഇനി ഇടയ്ക്കിടെ ലഗേജ് പരിശോധനയുണ്ടാകും. അനുവദിച്ചതിലും അധികം ഭാരവുമായാണു യാത്രയെന്നു തെളിഞ്ഞാല്‍ ആറിരട്ടിയാണു പിഴത്തുക.

Top