ട്രെയിനിന്റെ വാതില്‍ക്കല്‍ അലസമായി നിന്ന പെണ്‍കുട്ടി താഴേക്ക് തെന്നിവീണു; സഹയാത്രികരുടെ ഇടപെടലിലൂടെ പതിനേഴുകാരി രക്ഷപ്പെട്ടു; വൈറലായി വീഡിയോ

മുംബൈ: ട്രെയിനില്‍ നിന്ന് വീഴാന്‍ പോയ പെണ്‍കുട്ടി രക്ഷപ്പെട്ടത് അദ്ഭുതകരമായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലാണ് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. മുംബൈയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി. ഘാട്‌കോപര്‍- വിക്രോളി സ്റ്റേഷനുകള്‍ക്കിടയില്‍ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു പതിനേഴുകാരി. ഇയര്‍ഫോണ്‍ ചെവിയില്‍ വച്ച്, ട്രെയിനിന്റെ ഫുട്‌ബോര്‍ഡിനോട് ചേര്‍ന്നാണ് പെണ്‍കുട്ടി നിന്നിരുന്നത്.

അശ്രദ്ധമായാണ് പെണ്‍കുട്ടി നിന്നിരുന്നത് എന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇടയ്ക്ക് ഒറ്റക്കയ്യില്‍ തൂങ്ങി പെണ്‍കുട്ടി പുറത്തേക്കായുന്നതും കാണാം. ഈ സമയത്താണ് അടുത്ത ട്രാക്കിലൂടെ എതിര്‍വശത്തേക്ക് മറ്റൊരു ട്രെയിന്‍ പാഞ്ഞുപോയത്. ഈ ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍പ്പെട്ടു പെണ്‍കുട്ടി പിടിവിട്ടു താഴേക്കുതെന്നുകയായിരുന്നു. സമീപത്തുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ പെണ്‍കുട്ടിയുടെ ടീഷര്‍ട്ടില്‍ പിടിത്തമിട്ടതിനാല്‍ നിലത്തുവീണില്ല. ഏതാനും സമയം പെണ്‍കുട്ടി ട്രെയിനില്‍ തൂങ്ങിയാടി. മറ്റു യാത്രക്കാര്‍ സാഹസികമായി പെണ്‍കുട്ടിയെ ട്രെയിനിനുള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

വീഴ്ചയില്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് മുറിവ് പറ്റി. ദിവ സ്റ്റേഷനില്‍ പെണ്‍കുട്ടിക്ക് വൈദ്യശുശ്രൂഷ നല്‍കി. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോ വൈറലായതിനു പിന്നാലെ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി. താനെ ജില്ലയിലെ ദിവ സ്വദേശിയാണു പെണ്‍കുട്ടി. താന്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നില്ലെന്നും ബാലന്‍സ് തെറ്റി വീണതാണെന്നും പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.

Top