ട്രെയിനില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ പുതിയ ശുപാര്‍ശകളുമായി ആര്‍പിഎഫ്

ന്യൂഡല്‍ഹി: ട്രെയിനില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ പ്രതികള്‍ക്ക് കൂടുതല്‍ ശിക്ഷകള്‍ നല്‍കാനുള്ള ആലോചനയുമായി റെയില്‍വേ സംരക്ഷണ സേന(ആര്‍പിഎഫ്). ട്രെയിനില്‍ വച്ച് സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ നല്‍കാനുള്ള ശുപാര്‍ശ ആര്‍പിഎഫ് അംഗീകാരത്തിനായി സമര്‍പ്പിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അനുമതിയും വേണമെന്നാണ് ആര്‍പിഎഫ് ആവശ്യപ്പെടുന്നത്. ഇതിനായി നിലവിലെ റെയില്‍വേ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണ് ആര്‍പിഎഫ് ആവശ്യപ്പെടുന്നത്. ട്രെയിനിനുള്ളില്‍ വെച്ച് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ശുപാര്‍ശ. നിലവില്‍ ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം ( ഐപിസി) പ്രകാരമാണ് ശിക്ഷ നല്‍കുന്നത്.

ഒരുവര്‍ഷം മാത്രമാണ് ഇത്തത്തില്‍ പരമാവധി ശിക്ഷയായി അക്രമിക്ക് ലഭിക്കുക. നിലവില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാവുകയോ സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ പുരുഷന്‍മാര്‍ യാത്ര ചെയ്യുകയോ ഉണ്ടായാല്‍ റെയില്‍വേ പോലീസിന്റെ സഹായം തേടുക മാത്രമാണ് ആര്‍പിഎഫിന് മുന്നിലുള്ള മാര്‍ഗം. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആര്‍പിഎഫിന് അധികാരമില്ല. എന്നാല്‍ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ റെയില്‍വേ പോലീസിന്റെ സഹായമില്ലാതെ തന്നെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍പിഎഫിന് സാധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ യാത്രചെയ്യുന്ന പുരുഷന്‍മാരില്‍ നിന്ന് ഈടാക്കുന്ന പിഴ 500 രൂപയില്‍ നിന്ന് 1000 ആക്കി ഉയര്‍ത്തണമെന്ന ആവശ്യവും ആര്‍പിഎഫ് മുന്നോട്ടുവെച്ചിട്ടുണ്ട്. മാത്രമല്ല ഇ-ടിക്കറ്റിങ്ങില്‍ തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ രണ്ടു ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും വേണമെന്നും പുതിയ ഭേദഗതിയുടെ ഭാഗമായി ആര്‍പിഎഫ് ആവശ്യപ്പെടുന്നു. ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നടക്കുമ്പോള്‍ റെയില്‍വേ പോലീസ് ഇടപെടുന്നതിനു മുമ്പേ തന്നെ നടപടികള്‍ തുടങ്ങുന്നതിനും അതു വഴി പോലീസിന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുമാണ് ശിക്ഷയുടെ കാലാവധി കൂട്ടണമെന്ന ആവശ്യവുമായി ആര്‍പിഎഫ് മുന്നോട്ടു വന്നിരിക്കുന്നത്. ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ തന്നെ റെയില്‍വേ നിയമത്തില്‍ നടത്തുന്ന ഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങേണ്ടതായുണ്ട്.

Top