ഡല്‍ഹി: സൈനികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമെന്ന് പരാതി ഉന്നയിച്ച് സോഷ്യല്‍ മീഡിയയിലൂടെ വൈറലായ സൈനികന്റെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. അന്ന് ഇത്തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു. ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിന്റെ മകന്‍ രോഹിതിനെയാണ് ഹരിയാനയിലെ റവേരിയിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയില്‍ തോക്ക് പിടിച്ച നിലയില്‍ അടച്ചിട്ട മുറിക്കുള്ളിലായിരുന്നു മൃതദേഹം.
കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് മുറി തുറന്ന് അകത്തു കയറിയത്. മുറിയുടെ വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. കിടക്കയില്‍ കിടന്നിരുന്ന മൃതദേഹത്തിന്റെ കൈയില്‍ പിസ്റ്റളുണ്ടായിരുന്നുവെന്നും ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് വ്യക്തമാക്കി.
കുംഭമേളയില്‍ പങ്കെടുക്കാനായി തേജ് ബഹദൂര്‍ യാദവ് പ്രയാഗ്‌രാജിലേക്ക് പോയ സമയത്തായിരുന്നു മരണം. വിവരം തേജിനെ അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.