ന്യൂഡല്‍ഹി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച യുവതിയെ ഇന്‍ഡിഗോ വിമാനത്തില്‍ കയറ്റിയില്ളെന്ന് പരാതി. മുട്ടറ്റം പാവാട ധരിച്ച യുവതി ഖത്തര്‍ എയര്‍വേസില്‍ ദോഹയില്‍നിന്ന് മുംബൈയിലത്തെി കണക്ഷന്‍ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകാനൊരുങ്ങിയപ്പോഴാണ് ഈ അനുഭവം. തിങ്കളാഴ്ച നടന്ന സംഭവം സഹയാത്രക്കാരിയായ പുരഭി ദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് പുറത്തറിഞ്ഞത്.
ദോഹയില്‍ നിന്ന് മുംബൈയില്‍ എത്തിയശേഷം ജീവനക്കാര്‍ക്കുള്ള ടിക്കറ്റില്‍ ഡല്‍ഹിക്ക് പോകാനിരിക്കുമ്പോഴാണ് കമ്പനി ജീവനക്കാര്‍ യുവതിയെ ബോര്‍ഡിങ് പോയിന്റില്‍ തടഞ്ഞത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ മുന്‍ജീവനക്കാരിയായ യുവതി ഒരു കമ്പനി ജീവനക്കാരിയുടെ സഹോദരി കൂടിയാണ്. ഇവര്‍ നല്‍കിയ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റിലാണ് യുവതി യാത്ര ചെയ്തത്.
കമ്പനിചട്ട പ്രകാരം ജീവനക്കാരും അവരുടെ ബന്ധുക്കളും കമ്പനി ടിക്കറ്റില്‍ യാത്ര ചെയ്യുമ്പോള്‍ നിശ്ചിത വസ്ത്രധാരണരീതി പാലിക്കേണ്ടതുണ്ടെന്നും ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് യുവതിയെ തടഞ്ഞതെന്നും ഇന്‍ഡിഗോ അധികൃതര്‍ വിശദീകരിച്ചു. എങ്കിലും യാത്രക്കാരിക്ക് ബുദ്ധിമുട്ട് ഉണ്ടായതില്‍ ഖേദമുണ്ടെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രശ്‌നം പരിഹരിച്ച ഉടനെ തന്നെ അവരെ അടുത്ത വിമാനത്തില്‍ ഡല്‍ഹിയിലേക്ക് അയച്ചെന്നും കമ്പനി പറഞ്ഞു.