ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ നിന്നു പറന്നുയര്‍ന്ന ലയണ്‍ എയര്‍ യാത്രാവിമാനം കടലില്‍ തകര്‍ന്നു വീണു. വിമാനം തകര്‍ന്നായി ഇന്തൊനീഷ്യയുടെ രക്ഷാപ്രവര്‍ത്തക ഏജന്‍സി വക്താവ് യുസുഫ് ലത്തീഫ് സ്ഥിരീകരിച്ചു.
ലയണ്‍ എയര്‍ കമ്പനിയുടെ വിമാനമാണ് തകര്‍ന്ന് വീണത്. ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ ലയണ്‍ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്ക് ശേഷം തകര്‍ന്ന് വീണത്.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20 ന് പറന്നുയര്‍ന്ന വിമാനവുമായി 6.33 നാണ് അവസാനം ആശയവിനിമയം നടന്നത്. ബോയിംഗ് 737 മാക്സ് 8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ച് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.
210 ആളുകള്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തില്‍ അപകടസമയത്ത് എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ കരവാങിന് സമീപത്ത് വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഈ പ്രദേശത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.


