തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ത്തിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം മാത്രം 12,984 പേര്‍ക്ക് പനി ബാധിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും വര്‍ധിക്കുന്നതും സ്ഥിതി രൂക്ഷമാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 110 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ 43 എണ്ണവും എറണാകുളത്താണ്. 218 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുള്ളത്. മലപ്പുറത്താണ് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 2171 പേര്‍ക്കാണ് മലപ്പുറത്ത് പനി ബാധിച്ചത്. ഇന്നലെ വരെ ജില്ലയില്‍ 53 ഡെങ്കിപ്പനി കേസുകളും നേരിയ ലക്ഷണങ്ങളുള്ള 213 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
എട്ട് പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് പത്തനംതിട്ടയില്‍ ഒരാഴ്ചയ്ക്കിടെ 3 പേര്‍ മരിച്ചിരുന്നു. പനി ബാധിച്ച് ഇതുവരെ മരിച്ചവരില്‍ ഏറെയും കുട്ടികളും 50ല്‍ താഴെ പ്രായമുള്ളവരുമാണ്. മഴക്കാലം ആരംഭിച്ചതോടെയാണ് പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.