സ്വാതിയുടെ കൊലപാതകം പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്,പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ചെന്നൈ: ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ സ്വാതിയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് വെട്ടിക്കൊന്നത് പ്രണയാഭയര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണെന്ന് പൊലീസ് അധികൃതര്‍ വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ചൂളൈമേട് സ്വദേശി രാംകുമാര്‍ (24) എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനിയറെ തമിഴ്നാട്ടിലെ തിരുന്നല്‍വേലിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പിടിക്കുമെന്നായപ്പോള്‍ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി പൊലീസ് പറയുന്നു.
കഴിഞ്ഞ മാസം 24ന് തമിഴ്നാട്ടില്‍ നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ രാവിലെ ആറരയോടെയാണ് സ്വാതി വെട്ടേറ്റ് മരിച്ചത്. മരമലൈ നഗറിലുള്ള മഹീന്ദ്ര ടെക് പാര്‍ക്കിലെ ജീവനക്കാരിക്കായ സ്വാതി ഓഫീസിലേക്ക് പോകുന്നതിന് ട്രയിന്‍ കാത്തുനില്‍ക്കെ രാംകുമാര്‍ അടുത്തെത്തി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന ട്രാവല്‍ ബാഗില്‍ നിന്നും കത്തിയെടുത്ത് വെട്ടുകയായിരുന്നു. പ്ളാറ്റ്ഫോമിലെ കടകളിലെ ജീവനക്കാരും മറ്റ് യാത്രക്കാരും നോക്കി നില്‍ക്കെയാണ് സംഭവം. യാത്രക്കാരും കടക്കാരും എത്തിയപ്പോഴേക്കും യുവാവ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് രക്ഷപെട്ടു കളഞ്ഞു. മുഖത്തും കഴുത്തിലും മാരകമായ മുറിവേറ്റ യുവതി സംഭവ സ്ഥലത്തു തന്നെ മരിച്ചു. രണ്ടുമണിക്കൂറോളം മൃതദേഹം പ്ളാറ്റ് ഫോമില്‍ കിടന്നു. പൊലീസ് എത്തിയാണ് പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തന്റെ മകള്‍ മണിക്കൂറുകളോളം ചോരയൊലിപ്പിച്ചു പ്ലാറ്റ്ഫോമില്‍ കിടിന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും എല്ലാവരും കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും സ്വാതിയുടെ പിതാവ് ആരോപിച്ചിരുന്നു.

കൊല്ലപ്പെട്ട സ്വാതിയും രാംകുമാറും ചൂളൈമേട് സ്വദേശികളാണ്. അയല്‍വാസിയായ സ്വാതിയോട് ഇയാള്‍ നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നതായി പറയുന്നു. കൊലപാതകം നടക്കുന്നതിന്റെ ഒരു മാസം മുമ്പ് ഇതേ കാരണം പറഞ്ഞ് ഇയാള്‍ സ്വാതിയെ മര്‍ദ്ദിച്ചതായും പറയുന്നു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിക്കായി ഒരാഴ്ചയായി പൊലീസ് തെരച്ചില്‍ തുടരുകയായിരുന്നു. പ്രതി ഉപയോഗിച്ച വെട്ടുകത്തി കോടമ്പാക്കം റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.
അതേസമയം,സംഭവം നടന്ന റെയില്‍വേ സ്റ്രേഷനില്‍ സി.സി.ടി.വി കാമറകള്‍ ഇല്ലാതിരുന്നത് ആദ്യം അന്വേഷണ സംഘത്തിനെ കുഴക്കിയിരുന്നു. പിന്നീട് സമീപത്തുള്ള കടകളിലെ കാമറകള്‍ പരിശോധിച്ച പൊലീസ് പ്രതിയുടെ ചിത്രം പുറത്ത് വിട്ടു. സ്വാതിയുടെ നഷ്ടപ്പെട്ട മൊബൈലില്‍നിന്ന് അവസാനം സിഗ്നല്‍ ലഭിച്ച സ്ഥലം പൊലീസ് കണ്ടെത്തിയ പൊലീസ് ഇതു പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാംകുമാര്‍ സ്ഥലത്തുനിന്നു മുങ്ങിയതായി വിവരം ലഭിച്ചു. സംശയം തോന്നി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ രാംകുമാര്‍ തിരുന്നല്‍വേലിയില്‍ ഉണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് ഇവിടെയെത്തിയ അന്വേഷണ സംഘം ഇയാളെ പിടികൂടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top