രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം..‘സിക്സർ മഴ’ പെയ്തു. പഞ്ചാബും രാജസ്ഥാനും മത്സരിച്ച് തകർത്തടിച്ച ആവേശപ്പോരാട്ടത്തിൽ വിജയം രാജസ്ഥാനൊപ്പം

ഷാർജ : ഐപിഎല്ലിലെ ഏറ്റവും മികച്ച റൺചേസിന് സാക്ഷിയായി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. മായങ്ക് അഗർവാളിന്റെയും ക്യാപ്ടൻ ലോകേഷ് രാഹുലിന്റെയും ഉജ്ജ്വല പ്രകടനത്തിൽ കൂറ്റൻ സ്കോർ പടുത്തുയർത്തിയ പഞ്ചാബിന് അതേ നാണയത്തിൽ മറുപടി നൽകി രാജസ്ഥാൻ റോയൽസ്. പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയ ലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിൽക്കെയാണ് ആറു വിക്കറ്റിന് രാജസ്ഥാൻ റോയൽസ് മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനു വേണ്ടി തകർത്തടിച്ച മായങ്ക് അഗർവാളും ലോകേഷ് രാഹുലും ഒന്നാം വിക്കറ്റിൽ ചേർത്തത് 183 റൺസ്. 50 പന്തിൽ പത്ത് ബൗണ്ടറിയും ഏഴു സിക്സറുകളും പറത്തിയ മായങ്ക് അഗർവാൾ 106 റൺസെടുത്ത് പുറത്തായപ്പോൾ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയടിച്ച ക്യാപ്ടൻ ലോകേഷ് രാഹുൽ 69 റൺസെടുത്ത് മികച്ച പിന്തുണ നൽകി. എട്ട് പന്തിൽ 25 റൺസെടുത്ത് നിക്കോളാസ് പൂരനും തകർത്തടിച്ചതോടെ പഞ്ചാബ് നേടിയത് 2 വിക്കറ്റിന് 223 റൺസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ തുടക്കം നന്നായില്ല. മൂന്നാമത്തെ ഓവറിൽ ജോസ് ബട്ലർ പുറത്തായി. സ്റ്റീവ് സ്മിത്തിനൊപ്പം മൂന്നാമനായിറങ്ങിയ സഞ്ജു സാംസൺ ചേർന്നതോടെ രാജസ്ഥാന്റെ സ്കോർ കുതിച്ചുയർന്നു. ഒൻപതാം ഓവറിൽ 27 പന്തിൽ അൻപത് റൺസെടുത്ത സ്മിത്ത് മടങ്ങുമ്പോൾ രാജസ്ഥാൻ സ്കോർ 100 റൺസ്. സഞ്ജുവും രാഹുൽ തെവാതിയയും റൺ റേറ്റ് താഴാതെ സ്കോർ ഉയർത്തി. പതിനേഴാം ഓവറിൽ സ്കോർ 161 ലെത്തി നിൽക്കെ 42 പന്തുകളിൽ 85 റൺസ് അടിച്ചുകൂട്ടിയ സഞ്ജു മടങ്ങി.

ഷെൽഡൺ കോട്‌റെൽ എറിഞ്ഞ പതിനെട്ടാം ഓവറാണ് കളിയുടെ ഗതി മാറ്റിയത്. അഞ്ച് പന്തുകൾ അവിശ്വസനീയമാം വിധം തെവാതിയ സിക്സറുകൾക്ക് തൂക്കിയതോടെ കളി രാജസ്ഥാൻ റോയൽസിന് അനുകൂലമായി തിരിഞ്ഞു. ഒരു റൺ പിറകിൽ വച്ച് തെവാതിയ വീണെങ്കിലും ടോം കറൻ നേരിട്ട പന്തിൽ തന്നെ ബൗണ്ടറിയടിച്ച് രാജസ്ഥാൻ റോയൽസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ തുടക്കത്തിലെ ആക്രമണത്തിലേക്കു തിരിഞ്ഞു. സ്റ്റീവ് സ്മിത്ത് – ജോസ് ബട്‌ലർ കൂട്ടുകെട്ട് ആദ്യ ഓവറിൽ 11 റൺസും രണ്ടാം ഓവറിൽ 8 റൺസും നേടി. എന്നാൽ ഷെൽഡൻ കോട്രൽ എറിഞ്ഞ മൂന്നാം ഓവറിൽ രണ്ടാം പന്തിൽ സർഫറാസ് ഖാന് ക്യാച്ച് നൽകി ജോസ് ബട്‌ലർ (4 റൺസ്) മടങ്ങി. സ്റ്റീവ് സ്മിത്തിന് കൂട്ടായി എത്തിയ സഞ്ജു സാംസൺ നേരിട്ട രണ്ടാം പന്തിൽ സിക്സറോടെ ഇന്നിങ്സിനു തുടക്കം കുറിച്ചു. അ‍ഞ്ചാം ഓവറിൽ രാജസ്ഥാൻ 50 റൺസ് പിന്നിട്ടു.

ഇതിനിടെ ഐപിഎല്ലിൽ 100 സിക്സുകൾ എന്ന നേട്ടം മലയാളി താരം സഞ്ജു സാംസൺ സ്വന്തമാക്കി. രവി ബിഷ്ണോയ് എറിഞ്ഞ അ‍‍‍ഞ്ചാം ഓവറിലെ മൂന്നാം പന്തിൽ സിക്സടിച്ചാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. 2013 (5 സിക്സ്), 2014 (17), 2015 (8), 2016 (8), 2017 (19), 2018 (19), 2019 (13) 2020 (ആദ്യ മൽസരത്തിൽ ഒൻപതും ഇന്ന് ഏഴും സിക്സ്) എന്നിങ്ങനെയാണ് സഞ്ജുവിന്റെ ഇതുവരെയുള്ള സിക്സർനേട്ടം.മുരുകൻ അശ്വിൻ എറിഞ്ഞ 7 ാം ഓവറിലെ മൂന്നാം പന്തിൽ നിക്കോളാസ് പുരാന്റെ മാസ്മരിക ഫീൽഡിങ്ങിനും മൈതാനം വേദിയായി. സഞ്ജുവിന്റെ സിക്സ് എന്നുറപ്പിച്ച ഷോട്ട് ബൗഡറിവാരയ്ക്കപ്പുറക്കം ഡൈവ് ചെയ്ത് ക്യാച്ചെടുത്ത പുരാൻ, തന്റെ ശരീരം നിലംതൊടും മുൻപെ മൈതാനത്തിലേക്ക് തിരിച്ചെറിഞ്ഞു.

ജെയിംസ് നഷീം എറിഞ്ഞ ഒൻപതാം ഓവറിലെ നാലാം പന്തിൽ സിംഗിളെടുത്ത് സ്മിത്ത് അർധ സെഞ്ചുറി തികച്ചു. തൊട്ടടുത്ത പന്തിൽ രാജസ്ഥാൻ സ്കോർ 100 പിന്നിട്ടു. അവസാന പന്തിൽ മുഹമ്മദ് ഷമിക്ക് ക്യാച്ച് നൽകി സ്റ്റീവ് സ്മിത്ത് മടങ്ങി. 27 പന്തിൽ രണ്ടു സിക്സും ഏഴു ഫോറുമുൾപ്പെടെ 50 റൺസാണ് സ്മിത്ത് നേടിയത്. സ്മിത്ത് പുറത്തായതോടെ രാജസ്ഥാന്റെ സ്കോറിങ് നിരക്കും താഴ്ന്നു. ഉജ്വല ഫീൽഡിങ്ങുകളുമായി പഞ്ചാബ് താരങ്ങൾ മൈതാനം കയ്യടക്കിയതോടെ സഞ്ജു – രാഹുൽ ടെവാട്ടിയ കൂട്ടുകെട്ട് റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി.

വൈകാതെ സഞ്ജു ഈ സിസണിലെ തുടർച്ചയായ രണ്ടാം അർധ സെ‍ഞ്ചുറി നേടി. ഗ്ലെൻ മാക്സ്‌വെലിന്റെ ബോളിങ്ങിൽ ക്യാച്ചിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതോടെയാണ് സഞ്ജു അർധസെഞ്ചുറി തികച്ചത്. 14 ഓവർ പിന്നിട്ടപ്പോഴേക്കും രാജസ്ഥാ‌ൻ സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ്. ജയിക്കാൻ വേണ്ടത് 36 പന്തിൽ 92 റൺസ്.

റൺറേറ്റ് ഉയർന്നതോടെ സഞ്ജു ആക്രമണത്തിലേക്കു തിരിഞ്ഞു. ഗ്ലെൻ മാക്സ്‌വെൽ എറിഞ്ഞ 16 ാം ഓവറിൽ മൂന്നു സിക്സ് ഉൾപ്പെടെ 21 റൺസാണ് സഞ്ജു നേടിയത്. എന്നാൽ തൊട്ടടുത്ത ഓവറിൽ സഞ്ജു പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റിനു പിന്നിൽ രാഹുലിന് ക്യാച്ച്. 42 പന്തിൽ ഏഴ് സിക്സും നാലു ഫോറുമുൾപ്പെടെ 85 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്.

ഷെൽഡൻ കോട്രൽ എറിഞ്ഞ 18 ാം ഓവറിലെ ഒന്നൊഴികെ എല്ലാ പന്തുകളും ബൗണ്ടറി ലൈനിനു മുകളിലൂടെ അതിർത്തികടന്നു. ആ ഓവറിൽ അഞ്ച് സിക്സ് നേടിയ രാഹുൽ ടെവാട്ടിയ 30 റൺസാണ് അടിച്ചുകൂട്ടിയത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ റോബിൻ ഉത്തപ്പ (9 റൺസ്) പുറത്തായി. പിന്നാലെയെത്തിയ ജോഫ്ര ആർച്ചറും രാഹുൽ ടെവാട്ടിയയും സിക്സറുകൾ തുടർന്നു. 19 ാം ഓവറിൽ രാഹുൽ ടെവാട്ടിയ അർധ സെഞ്ചുറി നേടി. തൊട്ടടുത്ത പന്തിൽ രാഹുൽ പുറത്ത്. 31 പന്തിൽ ഏഴ് സിക്സ് ഉൾപ്പെടെ 53 റൺസാണ് രാഹുൽ ടെവാട്ടിയ നേടിയത്. പിന്നാലെയെത്തിയ റയാൻ പരാഗ് വന്നപാടെ മടങ്ങി. പിന്നാലെയെത്തിയ ടോം കറൻ നേരിട്ട ആദ്യ പന്തിൽ ഫോർ അടിച്ച് രാജസ്ഥാ‌നെ വിജയതീരത്തെത്തിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ് ലഭിച്ച കിങ്സ് ഇലവൻ പഞ്ചാബ്, മായങ്ക് അഗർവാൾ – കെ.എൽ. രാഹുൽ വെടിക്കെട്ടിന്റെ പിൻബലത്തിൽ 20 ഓവറിൽ 223 റൺസാണ് അടിച്ചുകൂട്ടിയത്. ഐപിഎൽ 13–ാം സീസണിലെ ഉയർന്ന ടീം സ്കോറാണിത്. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കെതിരെ രാജസ്ഥാൻ നേടിയ 216 റൺസാണ് പഞ്ചാബ് മറികടന്നത്. സെഞ്ചുറിയുമായി മായങ്ക് അഗർവാളും അർധ സെ‍ഞ്ചുറിയുമായി രാഹുലും കളംനിറഞ്ഞതോടെ രാജസ്ഥാൻ റോയൽസ് ബോളർമാർ കാഴ്ചക്കാരായി. ആദ്യ വിക്കറ്റിൽ മായങ്ക് – രാഹുൽ സഖ്യം 183 റൺസാണ് നേടിയത്. മായങ്ക് 106 റൺസ് നേടിയും രാഹുൽ 69 റൺസ് നേടിയുമാണ് പുറത്തായത്.

ആദ്യ ഓവറിൽ മൂന്നു റൺസ് മാത്രമായിരുന്നു പ‍ഞ്ചാബിന്റെ സ്കോർ. രണ്ടാം ഓവറിൽ സിക്സറോടെ മായങ്ക് അഗർവാൾ ആക്രമണത്തിലേക്കു തിരിഞ്ഞു. പിന്നാലെ നാലാം ഓവറിൽ തുടർച്ചയായ മൂന്നു ഫോറുകളുമായി ക്യാപ്റ്റൻ കെ.എൽ. രാഹുലും മായങ്കിന് മികച്ച പിന്തുണ നൽകി. ഷാർജയിലെ ചെറിയ മൈതാനിയിൽ സിക്സറുകളും ഫോറും കണ്ടെത്താൻ ഇരുവർക്കും അധികം ആയാസപ്പെടേണ്ടിവന്നില്ല. തുടർച്ചയായി ബൗണ്ടറികൾ പിറന്നതോടെ 4.3 ഓവറിൽ പഞ്ചാബ് 50 റൺസ് പിന്നിട്ടു. മായങ്ക് കൂടുതൽ ആക്രമണകാരിയായതോടെ പഞ്ചാബിന്റെ സ്കോർ അതിവേഗം ചലിച്ചു. വൈകാതെ മായങ്ക് അർധ സെ‍ഞ്ചുറി പിന്നിട്ടു. 26 പന്തിലായിരുന്നു മായങ്കിന്റെ അർധ സെ‍‍ഞ്ചുറി. ആ ഓവറിൽ തന്നെ പ‍ഞ്ചാബ് ടീം സ്കോർ 100 കടന്നു.

രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരുന്നൂറിനു മേൽ സ്ട്രൈക് റേറ്റിലായിരുന്നു മായങ്കിന്റെ ബാറ്റിങ്. 35 ബോളിൽ കെ.എൽ. രാഹുലും അർധ സെഞ്ചുറി കടന്നു. ഒരു സിക്സും അ‍ഞ്ച് ഫോറും ഉൾപ്പെടെയായിരുന്നു രാഹുലിന്റെ അർധ സെഞ്ചുറി. 14 ാം ഓവറിൽ പ‍ഞ്ചാബ് 150 റൺസ് പിന്നിട്ടു. 15 ാം ഓവറിൽ മായങ്ക് സെ‍ഞ്ചുറി പൂർത്തിയാക്കി. 45 പന്തിൽ ഏഴു സിക്സും ഒൻപതു ഫോറുമുൾപ്പെടെ 222.22 സ്ട്രൈക് റേറ്റിലാണ് മായങ്ക് 100 റൺസ് പിന്നിട്ടത്. 100 റൺസിൽ 78 റൺസും സിക്സറുകളുടെയും ഫോറുകളുടെയും പിൻബലത്തിലായിരുന്നു.

Top