
സൗദി: ഇറാൻ തിരിച്ചടി തുടങ്ങിയോ ?ഇറാന്റെ രഹസ്യസേനാ തലവനായ ഖാസിം സുലൈമാനിയുടെ വധത്തിന് ശേഷം ഗൾഫ് മേഖല ഭയപ്പാടിലാണ് ഇറാൻ അമേരിക്കക്ക് നേരെ തിരിച്ചടിച്ചതായി സൂചന. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിൽ (ഗ്രീൻ സോൺ) രാത്രിയോടെ മോർട്ടാർ ആക്രമണം നടന്നു. യുഎസ് എംബസി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണ് ഗ്രീൻ സോൺ. ഇതിനു പിന്നാലെ യുഎസ് സേന താവളമടിച്ചിരിക്കുന്ന വ്യോമസേന ക്യാംപിനു നേരെ രണ്ട് റോക്കറ്റാക്രമണവും നടന്നു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അപകടത്തിൽ ആളപായമില്ലെന്നാണ് സൂചന. എന്നാൽ അഞ്ചു പേർക്കു പരുക്കേറ്റതായി ‘ദ് മിറർ’ റിപ്പോർട്ട് ചെയ്തു. ആക്രമണം ഇറാഖിലെ സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിനു പിന്നിൽ ആരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ‘മൂന്നാം ലോകമഹായുദ്ധം’ എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡാകുന്നതിനിടെയാണ് യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചുള്ള രാത്രിയിലെ ആക്രമണം.
സർക്കാർ ഓഫിസുകളും ഒട്ടേറെ വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളുമുള്ള മേഖലയാണ് ഗ്രീൻ സോൺ. ഇവിടേക്കാണ് ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ടോടെ മോർട്ടാർ ആക്രമണം നടന്നത്. ഒരു മോർട്ടാർ വന്നുവീണത് സുരക്ഷാമേഖലയ്ക്കുള്ളിലായിരുന്നു, രണ്ടാമത്തേത് പുറത്തും. തുടർന്ന് അപായസൈറണും മുഴങ്ങി. ഒട്ടേറെ നയതന്ത്രജ്ഞരും സൈനികരും മേഖലയില്‍ താമസിക്കുന്നുണ്ട്.
അതിനു ശേഷമാണ് കാത്യുഷ റോക്കറ്റുകൾ വടക്കൻ ബഗ്ദാദിലെ ബലാദ് വ്യോമതാവളത്തിൽ വീണത്. ഉടൻ തന്നെ അപായ സൈറൺ മുഴങ്ങി. എവിടെ നിന്നാണ് റോക്കറ്റ് വന്നതെന്നറിയാൻ യുഎസ് ആളില്ലാ ഡ്രോണുകൾ അയച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യം വച്ചല്ലാതെ ഒരു മേഖലയിലേക്ക് തുടരെ റോക്കറ്റുകൾ വന്നുവീഴുംവിധമാണ് കാത്യുഷ ലോഞ്ചറിന്റെ പ്രവർത്തനം. അതിവേഗത്തിൽ റോക്കറ്റുകളയയ്ക്കാനും സാധിക്കും. രണ്ടാംലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഉപയോഗിച്ചിരുന്നതാണ് ഇവ. ഇറാനിലേക്കും ഇറാഖിലേക്കും ഇവ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇറാനിൽ ഇവയുടെ നിർമാണ യൂണിറ്റുകളുമുണ്ട്.