ജെറുസലേമിനെ ഇസ്രായല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്  

 

 

വാഷിംങ്ട്ടണ്‍: ജെറുസലേമിനെ ഇസ്രായലിന്റെ തലസ്ഥാനമായി അംഗീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതായി വൈറ്റ് ഹൗസില്‍ നിന്നുളള വിശ്വസിനിയ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടൊപ്പം തന്നെ ടെല്‍ അവീവിലുള്ള ഇസ്രായലിലെ അമേരിക്കന്‍ എംബസി ജെറുസലേമിലേക്ക് മാറ്റാന്‍ ട്രംപ് ഒരുങ്ങുന്നതായും സൂചനകളുണ്ട്. എന്നാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് അമേരിക്കയുടെ ഈ നീക്കത്തോട് പ്രതികരിച്ചത്. മേഖലയിലേയും അതോടൊപ്പം തന്നെ ലോകത്തിന്റെയും മൊത്തം  സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നീക്കങ്ങളാണ് അമേരിക്ക നടത്തുന്നതെന്ന് പാലസ്തീന്‍ പ്രസിഡണ്ട് മഹമ്മൂദ് അബ്ബാസ് വ്യക്തമാക്കി.  കൃസ്ത്യന്‍,മുസ്ലീം,ജൂതന്‍ എന്നീ മൂന്ന് മത വിശ്വാസികളെയും സംബന്ധിച്ചിടത്തോളം പുണ്യനഗരിയാണ് ജറുസലേം. അതേ സമയം അധികാര തര്‍ക്കത്തിന്റെ പേരില്‍ വര്‍ഷങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലം കൂടിയാണ് ഈ പുണ്യഭൂമി. അയല്‍ രാജ്യങ്ങളായ ഇസ്രായലും പാലസ്തീനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളാണ് ഈ പുണ്യ സ്ഥലത്തെ എന്നും യുദ്ധ ഭൂമിയാക്കുന്നത്. 1948 ലാണ് ജൂത മത അനുയായികള്‍ക്ക് ഒരു പ്രത്യേക രാഷ്ട്രം എന്ന നിലയില്‍ ഇസ്രായല്‍ രാജ്യം സ്ഥാപിതമാകുന്നത്. അതു വരെ ഈ പ്രദേശം പാലസ്തീന്റെ അധീനതയിലായിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ നടന്ന വോട്ടെടുപ്പ് പ്രകാരം ജെറുസലേം ഇരു രാജ്യങ്ങളുടെയും പൊതു സ്വത്ത് എന്ന നിലയിലായിരുന്നു വിഭജനം നടപ്പിലാക്കിയത്. എന്നാല്‍ 1967 ല്‍ നടന്ന യുദ്ധത്തില്‍ ജെറുസലേമിന്റെ അധികാരം ഇസ്രായല്‍ പൂര്‍ണ്ണമായും കൈയ്യടക്കി. അന്നു മുതല്‍ ഇസ്രായലിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് ജെറുസലേം എന്ന പ്രദേശം. എന്നാല്‍ ഐക്യരാഷ്ട്ര സഭയിലെ മറ്റ് ലോക രാജ്യങ്ങളില്‍ നിന്നും ഇതിനുള്ള അംഗീകാരം നേടാന്‍ ഇതുവരെ ഇസ്രായേലിന് സാധിച്ചിട്ടില്ല എന്നുള്ളതാണ് യഥാര്‍ത്ഥ വസ്തുത. എന്നാലും ഇസ്രായല്‍ ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തി പോരുന്നു. ധാരാളം ജൂതന്മാര്‍ മേഖലയിലെ ഈ കെട്ടിടങ്ങളില്‍ വസിക്കുന്നു. ഇവയൊക്കെ അനധികൃത നിര്‍മ്മാണങ്ങളാണെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ പക്ഷം.

Top